11/7/09

മാത്സ്‌ ബ്ലോഗ്‌ ടീം (maths blog team)

കമ്പ്യൂട്ടർ ഇന്റർനെറ്റ്‌ എന്നതുപോലേ ബ്ലോഗുകളും ഇന്ന് ജനകീയമായി കൊണ്ടിരിക്കുന്നു.വാർത്തയും നിരൂപണവും മതവും മന്ത്രവും മരുന്നും തുടങ്ങി തമാശക്കഥകൾക്കും കവിതകൾക്കും നോവലുകൾക്കും അങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലുള്ള സൃഷ്ടികൾക്ക്‌ വേണ്ടിയും ബ്ലോഗുകളുള്ളതുപോലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരിടം അതാണ്‌ "http://mathematicsschool.blogspot.com".രസകരമായ പലപ്രോജെക്റ്റ്കളും,puzzle ഉകളും,ലിനക്സ്‌ പാച്ഫയലുകളും മറ്റു ഗണിതക്രിയകളും പോസ്റ്റുകളായിവരുമ്പോൾ കമന്റുകൾ അതിനുത്തരമായും മറ്റു നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമയൊക്കെ വന്ന് ദിനവും ആക്റ്റിവായ ബ്ലോഗ്‌ സാങ്കേതികമായും മികവുറ്റ ഒന്നാണ്‌

ദിവസവും ആദ്യ കമന്റിടാനും ഉത്തരങ്ങൾ കണ്ടെത്താനും നിർദ്ദേശങ്ങളും പോരായ്മകളും ചൂണ്ടിക്കാണിക്കാനും എന്തിന്‌പറയുന്നു ചെറിയ ചെറിയ അക്ഷരത്തെറ്റുകൾപോലും ചൂണ്ട്ക്കാട്ടി അതു തിരുത്തി ബ്ലോഗിനെ കുറ്റമറ്റതാക്കാനും മത്സരിക്കുന്ന അധ്യാപകർ ഉത്തരം മാത്രം പോര അത്‌ കണ്ടെത്തിയ വഴികളൂം വ്യക്തമാക്കിയാൽ ക്ലാസ്സിൽ കുട്ടികൾക്ക്‌ അത്‌ വിശദീകരിച്ച്‌ കൊടുക്കാൻ എളുപ്പമായേനേ എന്ന് കമന്റിട്ടത്‌ കണ്ടപ്പോൾ ടെക്സ്റ്റ്ബുക്കിൽ ഉദാഹരണമായിതന്ന കണക്ക്‌ ബ്ലാക്ക്‌ ബൊർഡിൽ അതുപോലെ പകർത്തി ബാക്കിയുള്ള ചോദ്യങ്ങൾ ഹോം വർക്ക്‌ തന്ന് മേശയിൽ തലവെച്ചുള്ള ഉറക്കത്തിന്‌ ഭംഗം വരുമ്പോൾ "കഴുതകൾ കുളിക്കാതെ നനക്കാതെ ക്ലാസ്സിൽ ബഹളമുണ്ടാക്കാൻ എഴുന്നെള്ളിക്കൊള്ളും" എന്ന് പറഞ്ഞ്‌ ഒരുകോട്ടുവായ നീട്ടിയിട്ട്‌ വീണ്ടും ഉറക്കത്തിലേക്ക്‌ വഴുതിവീഴുന്ന എന്റെ എട്ടാം ക്ലാസ്സിലെ മിനി ടീചറെ കുറിച്ച്‌ ഓർത്തുപോയി.എനിക്കും ഇതുപോലെ ഉത്സാഹിച്ചു പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ ഗണിത ശാസ്ത്രം പലരെപ്പോലെ എനിക്കും ഒരു കീറാമുട്ടിയാകില്ലായിരുന്നു.

പ്രിയപ്പെട്ട അധ്യാപകരെ അറിവ്‌ പരസ്പരം പങ്കുവച്ച്‌ അത്‌ കുട്ടികൾക്ക്‌ പകർന്ന് നൽകി അങ്ങനെ നാളെയുടെ വാഗ്ദാനങ്ങൾ വളർന്ന് വന്ന് നേട്ടങ്ങൾ കൊയ്യുമ്പോൾ അവർ ഉറക്കെപ്പറയും ഞങ്ങളുടെ അധ്യാപകരാണ്‌.... അവർ മാത്രമാണ്‌..അവർ പകർന്ന അറിവാണ്‌ ഞങ്ങളുടെ ശക്തി.അപ്പോഴുണ്ടകുന്ന ആ സന്തോഷം സംതൃപ്തി... ഏതൊരവാർഡിനാണിത്ര മധുരമുണ്ടകുക.

നിങ്ങൾക്കഭിമാനിക്കാം ഇന്ത്യയുടെ ഉയർച്ചയിലേക്കുള്ള വാതിലുകളുടെ താക്കോൽകൂട്ടം നിങ്ങളുടെ കയ്യിലാണുള്ളത്‌

ഇങ്ങനെയൊക്കെയാണങ്കിലും എന്തോ ബൂലോകത്തെ അധികമാരെയും മാത്സ്‌ ടീമിന്റെ ബ്ലോഗിലേക്ക്‌ കാണുന്നില്ല ."ഇത്‌ കേരളത്തിലെ ഗണിതശാസ്ത്ര അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്‌ ഞങ്ങളുടെ സംശയങ്ങളും നിദ്ദേശങ്ങളും ചർച്ച ചെയ്യാനുള്ള ഒരിടം.........................................." എന്ന തലക്കെട്ട്‌ കണ്ട്‌ "പൊന്നുരുക്കുന്നിടത്ത്‌ പൂച്ചക്കെന്ത്‌ കാര്യം "എന്നലോചിച്ച്‌ കയറിചെല്ലാത്തതൊ അതൊ എന്നെപ്പോലെ നാലാം ക്ലാസ്സുകാരൻ സോൾവ്‌ ചെയ്യാൻ പറ്റുന്ന പ്രോബ്ലം സ്വയം ചെയ്യാൻ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ " അതൊക്കെ പിള്ളാർക്ക്‌ ചെയ്യാനുള്ളതല്ലേ അത്‌ എങ്ങനെ ഞമ്മള്‌ ചെയ്യാ ഓരു ചെയ്യട്ടെ ഞമ്മള്‌ അത്‌ കണ്ടിരുന്നോളാ" എന്ന് പറഞ്ഞ്‌ വന്ന് കണ്ട്‌ പോകുന്നതാണൊ എന്നറിയില്ല:)

ഏതായാലും മാത്സ്‌ ടീമിന്റെ ഈ നല്ല ഉദ്യമത്തിനും അതിനു പ്രോതാഹിപ്പിക്കുന്ന മറ്റു അധ്യാപകർക്കും എന്റെ ഉഗ്രൻസല്യൂട്ട്‌
ഈ 'ബൂലോകം' മുഴുവനും നിശബ്ദ്ധമായി നിങ്ങൾക്കൊപ്പമുണ്ടാവും...തുടരുക

10/25/09

കാത്തിരിപ്പ്‌

ഇന്നലെ വരെ എനിക്ക്‌ നിന്നെക്കുറിച്ച്‌ കവിതകളെഴുതാൻ എളുപ്പമായിരുന്നു
തുളസിക്കതിർ ചൂടിയ നിൻ കാർകൂന്തലും,നെറ്റിയിൽ ചന്ദനം ചാർത്തിയ നിൻ സുന്ദര വദനത്തിൽ വിരിയുന്ന വശ്യതയാർന്ന പുഞ്ചിരിയും എല്ലാം എന്റെ കവിതകളിലെ വരികളിൽ ചേർക്കാൻ എനിക്ക്‌ ഭയമില്ലായിരുന്നു.കോളേജ്‌ ലൈബ്രറിക്ക്‌ മുന്നിലെ മദിരാശിമരച്ചുവട്ടിലിരുന്ന് നീ നിൻ പരിഭവങ്ങൾ നിരത്തുമ്പോൾ ഞാൻ നിർഭയം കാതോർത്തിരുന്നു

ഇന്നെനിക്‌ ഭയമാണ്‌

നിന്നെകുറിച്ചെന്തെങ്കിലും എഴുതുമ്പോൾ ,ക്യാമ്പസ്സിൽ നിന്നെക്കാണുമ്പോൾ, നിന്നടുത്തേക്ക്‌ വരുമ്പോൾ ആയിരം കഴുകക്കണ്ണുകൾ സംശയത്തോടെ ആർത്തിയോടെ എന്നെ നോക്കുന്നു എന്ന ഭയം.പത്രതാളിനെ മതകാമുകനായി ഞാനും ഇരയായി നീയും വ്യഭിജരിക്കപ്പെടുമെന്ന ഭയം.സമൂഹത്തിൽ നിന്നൊറ്റപ്പേറ്റുമെന്ന ഭയം.

എങ്കിലും ....


സ്മരിച്ചിടും നിന്നെ എന്നും ഞാൻ
മരിച്ചിടും ഞാനതില്ലാതിരുന്നാൽ
കാത്തിരിക്കാം ഞാൻ നിനക്കായ്‌
കൈകോർത്തിടുന്ന മതങ്ങൾക്കായ്‌

ആർത്തിമൂത്ത കഴുകന്മാർ വന്നിടുംകൂട്ടമായ്
ആർത്തിരമ്പി പറന്ന് നടന്നിടും ചുറ്റുമായ്
തൽസമയ സം പ്രേക്ഷണമായ്‌ ചിലർ
തൽപര കഥകൾ മെനഞ്ഞ്‌ മറ്റു ചിലർ

ഭീകരനായി മാറ്റിടും എന്നെ
അതിനിരയായി മാറ്റിടും നിന്നെ
ഭീതിപടർന്നൊരുകണ്ണാൽ
ജനം ഉറ്റുനോക്കിടും നമ്മെ

അതിനാ‍ൽ കൈകോർത്തിടുന്ന മതങ്ങൾക്കായ്‌
കാത്തിരിക്കാം നമുക്കൊന്നായ്‌
വിഫലമാം നീണ്ടൊരു കാത്തിരിപ്പ്‌
ഒരിക്കലും തീരാത്ത കാത്തിരിപ്പ്‌

-------------------------------

"നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങൽ സത്യവിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ??

“യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല ........................”
-ഖുറ്‌ആൻ 10:99-100
അല്ല കോയെ ഖുറ്‌ആ‍ൻ പറയിണതിങ്ങനെ,അപ്പൊ എങ്ങനെ കോയേ ലൗ ജിഹാദ് ഒരു പുണ്യപ്രവത്ത്യാക്‌ആ
അല്ലാ .. ലൗ ജിഹാദ് ..റോമിയോ ജിഹാദ് ...അങ്ങനൊന്ന്ണ്ടാ ... ആ ആര്ക്കറിയാ
kaaththiripp

10/8/09

മനസ്സാക്ഷി

റയിൽപ്പാളങ്ങൾക്ക്‌ നടുവിലൂടെ നടക്കുമ്പോഴും ചുട്ടുപൊള്ളുന്ന മീന വെയിലിന്‌ അയാൾക്ക്‌ തന്റെ മനസ്സിലെ തീയിന്റെ തീവ്രതയില്ലെന്ന് തോന്നി

ആളൊഴിഞ്ഞ ആ ഭാകത്തെത്താൻ ഇനിയും എത്രദൂരം നടക്കും എന്ന് തീർച്ചയില്ല

അയാളുടെ ചിന്തകൾ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു

കൂട്ടുകാരൊന്നിച്ച് ജീവിതം ആർമാദിക്കുകയായിരുന്നു. മദ്യവും മദിരാക്ഷിയും മാത്രമാണ്‌ ജീവിത സുഖമെന്ന് തോന്നിയ ദിനരാത്രങ്ങളിൽ അകത്ത്‌ ചെന്ന മദ്യം തലച്ചോറിൽ ഒരു അഗ്നിബാധയായി പടർന്ന് പിടിച്ച നിമിഷത്തിൽ അവരെപ്പോലെ ഞാനും ഒരു മനുഷ്യനല്ലാതെയായപ്പോൾ റോഡരികിൽ അമ്മയുടെ മാറിലെ ചൂടേറ്റൂറങ്ങുന്ന, കാലിനടിയിലെ ചുവപ്പ്‌ മാറാത്ത നാടോടി പൈതലിനെ കാമ വെറിപൂണ്ട കഴുകക്കണ്ണിലൂടെ നോക്കിയപ്പോൾ കൊത്തിവലിച്ച്‌ പിച്ചിചീന്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയാൻ ഒരു മടിയും തോന്നിയില്ല

അവസാനം കൂട്ടുകാരിൽ പലരും പിടിക്കപ്പെട്ടപ്പോഴും കീശയുടെ കനമിത്തിരി കുറഞ്ഞെങ്കിലും തന്റെ പേരു പോലും പുറം ലോകത്തോട്‌ പറയാതിരിക്കാൻ വച്ചുനീട്ടിയ എച്ചിൽ പാത്രങ്ങൾ നക്കിത്തുടക്കുന്ന ചില നിയപാലകർക്കും അവരുടെ മേലാളന്മാർക്കും ഒരു മടിയുമില്ലായിരുന്നു

വർഷങ്ങളെത്രകഴിഞ്ഞിട്ടും വിളറിവെളുത്ത്‌ കുറ്റിക്കാട്ടിൽ കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.ആ പൊട്ടിക്കരച്ചിലിന്നും കാതിൽ വന്നലക്കുന്നപോലെ.പലപ്പോഴും സ്വപ്നത്തിൽ ആ മുഖം തെളിയുമ്പോൾ വല്ലാത്ത കുറ്റബോധം .പ്രായശ്ചിത്തം ചെയ്യാനില്ലാത്ത കുറ്റം .

പിടിക്കപെട്ടവർക്ക്‌ നാളെ കോടതി സിക്ഷ വിധിക്കും .ആ വിധി വരുന്നതിനു മുൻപ്‌ എന്റെ മനസാക്ഷിയുടെ കോടതിയിലെ എന്റെ സിക്ഷ നടപ്പാക്കിയിരിക്കും അയാൾ നാലായി മടക്കിപോകറ്റിലിട്ട കടലാസ്‌ എടുത്തു ഒരിക്കൽ കൂടി വായിച്ചു “ഞാൻ ചൈത തെറ്റുകൾക്ക് എന്റെ മനസക്ഷി വിധിച്ച സിക്ഷ“

കടലാസ് മടക്കി പോകറ്റിലിട്ട് അയാൾ അകലെ നിന്നും വരുന്ന ചൂളം വിളിക്ക്‌ കതോർത്തിരുന്നു

9/24/09

ബ്ലോഗ്ഗർ @ കമന്റ്‌ സൈഡ്‌ blogger@comment......

കമന്റ്‌ ബേബി... കമന്റ്‌ മീ....

പലവട്ടം ചാറ്റു ചൈതു ഞാൻ
ജി മെയിലിൻ മയ്ദാനത്ത്‌
എന്നിട്ടും കമന്റാതെ നീ..
പോയില്ലേ.... (2)

നിനക്കും ഒരു ബ്ലോഗില്ലേ
തിരിച്ചും ഞാൻ കമന്റൂലേ
ബ്ലോഗിലെ പുലിയെന്നൊക്കെ നിന്നെവിളിക്കൂലേ .....
ഹൊയ്‌(2)
പലവട്ടം...

ആ..... ആ ..........
ബ്ലോഗ്‌ പുലിയായ്‌ വിലസ്സിടാനായ്‌ കൊതിച്ചതാണീനെഞ്ചം
കമന്റിടാതെ എന്നെയൊതുക്കീല്ലേ........
മനുഷ്യരെല്ലാ ഉറങ്ങുന്നേരം കുടിച്ച്‌ പമ്പായ്‌ വന്ന്
വളിച്ച വിഷയം പോസ്റ്റ്‌ ചൈതില്ലേ.

അനോണിയായി സനോണിയായി കമന്റൂമായ്‌ ഞാൻ വന്നു (2)
പലവട്ടം..
കമന്റ്‌ ബേബി... കമന്റ്‌ മീ.... തരില്ല്യാ.. തരില്ലനീ..

ഹൊയ്‌ ...ഹൊയ്‌
ഹൊയ്‌ ചെറായി മീറ്റിൽ സുദിനത്തിൽ ഒരു കേമറതൂക്കി വന്നു
നിരനിരയായി ഫോട്ടം പോസ്റ്റീലേ

അ ഫോട്ടോ അ ഫോട്ടോ

പുലികൾ തീർത്തൊരു പോസ്റ്റിന്‌ മുന്നിൽ തേങ്ങയുടച്ച്‌ ചെന്നു
സവർണ്ണനാക്കി മുദ്രകുത്തില്ലേ

അ.മുദ്ര....അ.മുദ്ര....

ഇളിച്ച്‌ കാട്ടി വരച്ച്‌ കാട്ടി പ്രോഫൈല്‌ ഫോട്ടോ മാറ്റി (2)

പലവട്ടം....(2)
കഥയുള്ളൊരു ബ്ലോഗല്ലേ
ഫൊളോവില്‌ ഞാനില്ലേ
നടുമ്പുറം ചൊറിയും പോലൊരു കമന്റ്‌ നൽകൂലേ

തരില്ലനീ.........

പലവട്ടം.....(2)

ഹു ഹു ഹൂം..ഹു ഹു ഹുമ്മ്

ബ്ലോഗർ കുട്ടാ ബ്ലോഗർ കുട്ടാ കരയല്ലേ...
ബ്ലൊഗ്ഗർ പൂട്ടി...
കഴിഞ്ഞു...
ഞാൻ ഭയങ്കര ഇമോഷണലായിപ്പോയി ..ഇനിയും രണ്ട്മൂന്ന് കാര്യംകൂടിയുണ്ട്‌ അതും കൂടി പറഞ്ഞിട്ട്‌
കട്ട്‌.....

9/17/09

ഒരു പെരുന്നാൾ ചിന്ത

“പെരുന്നാൾ മാസം കണ്ടാൽ പിന്നെ ആളോഹരി അളന്ന് ഫിത്വ്‌ർ സകാത്തിന്റെ അരി സഞ്ചിയിലാക്കുന്ന തിരക്കാകും.അരിനിറച്ച്‌ കഴിഞ്ഞാൽ പിന്നെ അത്‌ അടുത്ത വീടുകളിൽ എത്തിക്കുന്നത്‌ ഞങ്ങൾ കുട്ടികളുടെ ഡ്യൂട്ടിയാണ്‌.അങ്ങനെ കൊണ്ട്കൊടുക്കുമ്പോൾ അവിടെ ന്നൊക്കെ പൂവട പുഴുങ്ങിയതും മറ്റു പലഹാരങ്ങളും ഞങ്ങൾക്ക്‌ സമ്മാനമായികിട്ടുമെങ്കിലും തെക്കേതിലെ തറവാട്ടിലേക്ക്‌ പെരുന്നാളിനു ഫ്രൂട്ട്സും പച്ചക്കറികളും ഒക്കെ നിറച്ച ‘പെരുന്നാൾകൊട്ട’ കൊണ്ടുകൊടുക്കാൻ ഞങ്ങൾക്ക്‌ ഒരു പ്രത്യേക ഉത്സാഹമായിരുന്നു. കാരണം പെരുന്നാൾ മാസം കണ്ടാൽ തെക്കെതിലെ അമ്മിണിചേച്ചിയും കുട്ട്യേടത്തിയുമൊക്കെക്കൂടി ഞങ്ങൾക്ക്‌ വേണ്ടി മൈലാഞ്ചി അരച്ച്‌ കാത്തിരിക്കുന്നുണ്ടാകും അവിടെ എത്തിയാൽ പിന്നെ ഞങ്ങൾ തമ്മിലടിയാകും ആദ്യം എനിക്ക്‌ മൈലാഞ്ചിയിടണം അല്ല എനിക്കിടണമെന്ന് പറഞ്ഞ് അവസാനം "അയ്യെ ഈചെക്കനെന്താ, ആങ്കുട്ട്യാള്‌ മൈലാഞ്ചി ഇടൂല പെങ്കുട്ട്യാക്ക മൈ ലഞ്ചി സുന്നത്ത്‌". "ആര്‌ പർഞ്ഞി ആങ്കുട്ട്യാക്ക്‌ കയ്യിന്റടീല്‌ അയ്മ്പത്‌ പൈസമാതിരി ഇടലും സുന്നത്താ" എന്ന ന്യായത്തിൽ ആൺപടക്ക്‌ മുങ്കണന നൽകും.
പള്ളി പിരിഞ്ഞു വന്ന് അപ്പുകുട്ടനെയും രാമേട്ടനെയും വിളിച്ച്‌ കൊണ്ട്‌ വന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ്‌ പടക്കം പൊട്ടിക്കൽ രാമേട്ടന് ഒരു പേടിയുമില്ല അവൻ പടക്കം കയ്യിൽ വച്ച്‌ തീ കൊളുത്തി എറിഞ്ഞ്‌ പൊട്ടിക്കും"

ഇങ്ങനെ മുഹമ്മദിന്റെ പെരുന്നാൾ രാമനും രാമന്റെ വിഷു മുഹമ്മദിനും ആഘോഷമായിരുന്ന ഒരുകാലം നമ്മളിൽ നിന്നന്ന്യം നിന്ന് പോകുന്നു എന്നത്‌ ചിന്തിക്കേണ്ടതില്ലേ? എന്തു കൊണ്ടിങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരുത്തരം നൽകുക എന്നത്‌ അസാധ്യമാണ്‌.ഇങ്ങനെ ക്ഷയിച്ച്‌ കൊണ്ടിരിക്കുന്ന മതസൗഹർദ്ദവും പരസ്പര ധാരണയില്ലായ്മയും മാനവരശിക്ക്‌ നഷ്ടമെല്ലാതെ മറ്റെന്താണ് നേടിത്തരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടേണ്ടിയിരിക്കുന്നു

എവിടെയാണ്‌ നമുക്ക്‌ പിഴച്ചത്‌ ? ഇങ്ങനെ മതസൗഹാർദ്ദം മാത്രമാണോ നമുക്കന്ന്യം നിന്ന് പോകുന്നത്‌ അതൊ കൂട്ട്‌ കുടുമ്പങ്ങളും അയൽവാസിബന്ധങ്ങളും സിംഹവാലൻ കുരങ്ങിനെ പോലെ കാലയവനികയിലേക്ക്‌ മാഞ്ഞു പോകുകയാണോ ?

ഒരു പക്ഷെ നാം നമ്മളിലേക്ക്‌ തന്നെ ചുരുങ്ങി ജീവിക്കാൻ വ്യഗ്രത കാണിക്കുന്നത്‌ കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നു തോന്നിപ്പോകും.സ്വന്തം പ്രശ്നങ്ങളിൽ അല്ലങ്കിൽ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് കൊട്ടാരം സമമായവീടും അതിനു ചുറ്റും ജെയിലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മതിലിന്റെ ഗേറ്റിൽ പട്ടിയുണ്ട്‌ സൂക്ഷിക്കുക എന്ന ഒരു ബോർഡും തൂക്കി അതിനുള്ളിലെ ടിവിക്ക് മുന്നിൽ അടയിരിക്കുന്ന ഒരുസംസ്കാരം നമ്മളിൽ വളർന്നു വരുന്നു എന്നതും നമുക്കിതിനോട്‌ ചേർത്ത്‌ വായിക്കാം

രാവിലെ മദ്രസ വിട്ട്‌ വരുന്നതു വരെ അഹ്മദിനെ കാത്ത്‌ നിന്ന് കൃഷ്ണനും ജോസഫും അഹ്മദുമെല്ലാം തോളോട്‌ തോൾചേർന്ന് പള്ളിക്കൂടത്തിലേക്ക്‌ കാൽനടയായി പോയി ഒരെബെഞ്ചിൽ ഇരുന്ന് പഠിച്ച്‌ ഇണങ്ങിയും പിണങ്ങിയും സുഹൃത്തുക്കളായി വളർന്നപ്പോൾ എന്തുകൊണ്ടൊ അവർ മക്കളെ രാവിലെ തന്നെ ബഹിരകാശ സഞ്ചാരിയെ അനുസ്മരിപ്പിക്കും വിധം ഒരുക്കി തന്റെ സമുദായക്കാരന്റെമക്കൾ മാത്രം പഠിക്കുന്ന,സ്വന്തം സമുദായക്കാർ മത്രം പഠിപ്പിക്കുന്ന നേഴ്സറിയിൽ നിന്നും വരുന്ന ബസ്‌ വീടിന്റെ മുന്നിൽ വരുന്നതുമും കാത്ത്‌ നിൽക്കുന്നവരായിമാറി. ഇങ്ങനെ സ്വാർത്ഥരായ നാം അവസാനം സ്വന്തം അയൽവാസി ആരെന്ന് പോലും അറിയാത്തവരായി മാറി എന്നത്‌ ലജ്ജിപ്പിക്കുന്ന ഒരു സത്യമാണ്‌

ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നങ്ങളിലും 'നാട്ടിലെ കാരണവന്മാർ' തീർപ്പ്‌ അനുസരിച്ചിരുന്നവരിപ്പോൾ ചെറിയ ഒരുകുടുംബ വഴക്ക്പോലും കോടതിയും വക്കീലുമൊക്കെയായി നേട്ടൊട്ടമോടുന്നതിനിടയിൽ ബാധ്യതയായിമാറിയ കാരണവന്മാർ വൃദ്ധസദനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ടു.നമ്മൾ ഒരിക്കലും ചിന്തിക്കുന്നില്ല ഒരുപാടു സ്നേഹം തന്ന് തരാട്ടു പാടി ഉറക്കിയവരെ നമ്മൾ വൃദ്ധസദനത്തിലയക്കുമ്പോൾ എൽ കെ ജി മുതൽ മക്കളിലെ ഡോക്ടറെയും എഞ്ചിനീയറെയും ഒക്കെ കണ്ട്‌ ഒരു മിനുട്ട്‌ നിശ്വസിക്കാൻ പോലും അനുവദിക്കാതെ മണ്ണപ്പം ചുട്ട് തുമ്പപ്പൂ കൊണ്ട് ചോറുവെച്ച് പേരറിയാ ചെടികളുടെ ഇലകൊണ്ട് ഉപ്പേരിയുണ്ടാക്കി കളിച്ചും തരാട്ട്‌ പാട്ട് കേട്ടുറങ്ങുകയും ചെയ്യേണ്ട പ്രായത്തിൽ താങ്ങിയൽ പൊന്താത്ത പുസ്തകകെട്ടു മുതുകിൽവെച്ച്‌ കൊടുത്ത്‌ മക്കളെ പീഠിപ്പിക്കുന്ന നമ്മെ നാളെ അവർ ചവറ്റ്‌ കൊട്ടയിലിട്ടാൽ പോലും നമുക്ക്‌ പരാതിപ്പെടാൻ അർഹതയില്ല .ഈ സമൂഹത്തിൽ ഇടകലർന്ന് പരസ്പരം അറിഞ്ഞ് ജീവിക്കേണ്ട നാളയുടെ വാഗ്ഗ്ദാനങ്ങളായ മക്കളെ കൂട്ടിലിട്ട് ബ്രോയിലർ കോഴികണക്കെ വളർത്തുമ്പൊൾ നാം ഈ സമൂഹത്തിനൊട് ചെയ്യുന്നത്‌ തെറ്റോ ശരിയോ എന്ന് നമുക്ക്‌ ചിന്തിക്കാം

ഇനി ഒരു തിരിച്ച്‌ പോക്ക് സാദ്ധ്യമാണോ?ഒരു തിരിച്ച് പോക്കിനെ കുറിച്ച്‌ ചിന്തിക്കുവാൻ പോലും സ്വതൽപരരായ രാഷ്ട്രീയക്കാരും സ്ഥാനമോഹികളായ മത നേതാക്കളും സമ്മതിക്കുമെന്ന് തോന്നുന്നില്ല.കാരണം കലക്ക വെള്ളത്തിൽ മീൻ പിടിച്ച് ജീവിക്കുന്ന അവരുടെ നില നിൽ‌പ്പിന്റെ പ്രെശ്നമാണല്ലോ ഇത്.

ഏതായാലും നമ്മൾ പണ്ട്‌ ഒന്നിച്ച്‌ ഉണ്ടും ഉറങ്ങിയും സന്തോഷത്തോടെ ജീവിച്ചതൊക്കെ വല്ലിടത്തും എഴുതിവക്കാം വരും തലമുറ ഒരുപക്ഷെ അതൊക്കെ വായിച്ച്‌ ആശ്ചര്യപ്പെടുമായിരിക്കാം

9/2/09

ഗുണ്ടാ ലെജിസ്ലേഷൻ


ഓൾ കേരളാ കൊട്ടേഷൻ&ഗുണ്ടാ അസ്സോസിയേഷൻ (രെജി. നംബ്ര:എ ബി1010101)
പൊതുഗുണ്ടാ താത്പര്യം പ്രസിധ്ദീകരിക്കുന്നത്‌

ഓൾ കേരളാ കൊട്ടേഷൻ&ഗുണ്ടാ അസ്സോസിയേഷൻ പുതിയ പഴയമെംബെർഷിപ്‌ പുതുക്കൽ / മെംബെർഷിപ്‌ വിതരണം സംബന്ധിച്ച പുതുക്കിയ നിയമാവലി


൧) ഗുണ്ട/ഗുണ്ടി(വനിതാഗുണ്ട) യുടെ പേരിനു മുൻപിൽ നിർബന്ധമായും ഒരു ഇനിഷ്യൽ ഉണ്ടായിരിക്കണം ഉദാ:വെട്ടുകത്തി രാജു,വെടി മറിയ etc.

൨) ഗുണ്ട/ഗുണ്ടി കൾ മിനിമം മൂന്ന് പാസ്സ്പോർട്ടെങ്കിലും ഉള്ളവരായിരിക്കണം

൩) ഗുണ്ട/ഗുണ്ടി കൾ വീട്ടിൽ സ്വന്തമായി ഒരുകട്ടിലും കട്ടിലിനടിയിൽ "ട" ആകൃതിയിലുള്ള ഒരു കത്തിയും ഉള്ളവരായിരിക്കണം

൪) ഗുണ്ട/ഗുണ്ടി കൾ മിനിമം ഒരു കൊലക്കേസങ്കിലും സ്വന്തം പേരിൽ ഉള്ളവരായിരിക്കണം

൫) ഗുണ്ട/ഗുണ്ടി നിർബന്ധമായും ടു വീലർ ,ഫോർ വീൽ (സ്പോർട്ട്സ്‌ കാർ) ഡ്രൈവിംഗ്‌ പഠിച്ചിരിക്കണം

൬) കേരളാ പോലീസിലേക്ക്‌ അടിയന്തിരമായി റിക്ക്രൂട്ട്‌ ചൈത കഥകാരന്മാർ, തിരക്കഥാകൃത്ത്ക്കൾ, ബ്ലോഗ്പുലികൾതുടങ്ങിയവർ ഏഴുതിയ കഥ,തിരക്കഥ, സ്കിറ്റ്‌ തുടങ്ങിയവയിൽ ഏതങ്കിലും രണ്ടെണ്ണം ഡയലോഗോട്‌ കൂടി ക്യാമറക്ക്‌ മുൻപിൽ അഭിനയിച്ച്‌ കഴിവ്‌ തെളിയിച്ച സർറ്റിഫികേറ്റ്‌ കൈവശമുള്ളവരായിരിക്കണം

൭) സർറ്റിഫികേറ്റ്‌ അടുത്തുള്ള ഏതങ്കിലും പോലീസ്‌ സ്റ്റേഷനിലെ ഏതങ്കിലും 'ക്യാഷ്‌ അസെറ്റെഡ്‌' പോലീസ്‌ അറ്റെസ്റ്റ്‌ ചൈതിരിക്കണം
൮) സ്ഥിരമായി ഒരു മൊബൈൽ ഫോൺ കണക്ഷൻ ഉണ്ടായിരിക്കണം

൯) മൊബൈൽ നമ്പർ 'നല്ലവരായ' പോലീസ്‌ എമാന്മാർ , മന്ത്രിമാർ, മന്ത്രിപുത്രന്മാർ, സിനിമാ സീരിയൽ നടിമാർ തുടങ്ങിയവരുടെ കയ്യിൽ ഉള്ളവരായിരിക്കണം

൧൦) കേരളത്തിലെ എല്ലാ രാഷ്ട്രീയ മത സംഘടനയുടേയും മെംബെർഷിപ്‌ എടുത്തിരിക്കണം ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളത്‌ ആവശ്യമുള്ളിടത്ത്‌ കാണിക്കണം

സർക്കുലറിലെ പഴയ നിയമങ്ങളും പുതുക്കിയ നിയമങ്ങളും പാലിക്കാത്ത ഒരു അപേക്ഷകനും പുതിയ മെംബെർഷിപ്‌ നൽകുകയോ പഴയവ പുതുക്കി നൽകുകയോ ചെയ്യുന്നതല്ല.സംഘടനയിൽ മെംബെർമാരല്ലത്ത ഒരു ലോകൽ,ഇന്റെർനാഷ്ണൽ ഗുണ്ട/ഗുണ്ടികൾക്കും കേരളാസർക്കാർ അഭ്യന്തര വകുപ്പിന്റെ 'സേവ്‌ എ ഗുണ്ടാ' പദ്ധതിയിലെ രക്ഷപ്പെടാനൊരു എൻഡവർ ,ഒളിക്കാനൊരിടം ,പ്രാധമിക തെളിവ്നശിപ്പിക്കൽ, ദുബൈയിലേക്ക്‌ ഒരു വിമാന ടിക്കറ്റ്‌ ,കീഴടങ്ങാനൊരു പോലിസ്‌ ജീപ്പ്‌ , മുഖം മറക്കാൻ ഒരുകഷ്ണം തുണി,ജെയിലിൽ ഒരുസുഖവാസം, തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല എന്ന് ഇതിനോടകം അറിയിക്കുന്നു

എന്ന്

സെക്രട്ടറി

കൈബോംബ്‌ കുഞ്ഞു

ഒപ്പ്‌

8/31/09

ഓണക്കാലം അന്നും ഇന്നും


അന്ന്
പാടത്തും പറമ്പിലും ഓടിച്ചാടി നടന്ന് കഴുത്തിൽ തൂക്കിയിട്ട ഓലക്കൂടയിൽ നിറയെ പൂ പറിച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്ത്‌ പൂക്കളമിട്ട്‌ വീടിന്റെ കോലായിൽ വിശ്രമിക്കുന്ന ഉണ്ണിക്കുട്ടൻ തെളിഞ്ഞ വൈലത്ത്‌ പാറിക്കളിച്ച്‌ ബുഷ്‌ ചെടിയിൽ വന്നിരിന്ന തുമ്പിയെ പിടിച്ച്‌ വാലിൽ നൂലുകെട്ടി അതിനെ കൊണ്ട്‌ കല്ലെടുപ്പിക്കുന്നത്‌ കണ്ട്‌ മുത്തശ്ശി പറഞ്ഞു
"ഉണ്ണിക്കുട്ടാ തുമ്പിയെ ഈങ്ങനെ ഉപദ്രവിച്ചാൽ അടുത്ത ജന്മം നീതുപിയായി ജനിക്കും അപ്പൊ ഈ തുമ്പി ഒരു കുട്ടിയായി ജനിച്ച്‌ നിന്നെയും ഇങ്ങനെ ഉപദ്രവിക്കും"
അത്‌ പ്രശ്നമില്ല മുത്തശ്ശി കഴിഞ്ഞ ജന്മം ഞാൻ തുമ്പിയായിജനിച്ചപ്പൊ ഈ തുമ്പി കുട്ടിയായിരുന്നു അന്നു എന്നെ ചൈതതിന്‌ പകരം വീട്ടുകയാ ഞാൻ
ഇന്ന്
ഷാപ്പിലും ബീവെറേജിലും ഓടിച്ചാടി നടന്ന് അരയിൽ കരുതിയ പ്ലാസ്റ്റിക്‌ കവറിൽ കുപ്പി നിറച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്തിരുന്ന് വെള്ളമടിച്ച്‌ വീടിന്റെ കോലായിൽ പാംബായി കിടക്കുന്ന ഉണ്ണികുട്ടൻ മുഖത്ത്‌ വന്നിരിക്കുന്ന ഈച്ചയെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത്‌ കണ്ടതായിഭാവിക്കാതെ മുത്തശ്ശി ഡൈനിഗ്‌ ഹാളിലെ ടിവിയിൽ ചാനൽക്കാരുടെ ഓണപ്പരിപാടികാണനിരിന്നു

8/27/09

റംസാനിലെ അനുഗ്രഹിക്കപ്പെട്ടവർ

ഫോൺ വിളിയുടെ സ്വകാര്യതക്ക്‌ വേണ്ടി റൂമിൽ നിന്നിറങ്ങി ബാൽക്കെണിയിലേക്ക്‌ നീങ്ങിനിന്ന് സംസാരിക്കുന്നതിനിടയിലാണ്‌ യാദൃച്ചികമായി ഞാൻ ആ കാഴ്ച കണ്ടത്‌ .
ബിൽഡിങ്ങിന്റെ ബാക്ക്‌ സൈഡിലെ കച്ചറ ഡബ്ബയിൽ എന്തൊ തിരയുന്ന ഒരു വൃദ്ദൻ.
വല്ല പെപ്സിറ്റിന്നോ കർറ്റൂണൊ ഒക്കെ പെറുക്കി വിൽക്കുന്നവരായിരിക്കും .അതൊരു സാധാരണ കാഴ്ച്ചയാണല്ലോ എന്ന് ചിന്തിച്ച്‌ ഞാൻ വീണ്ടും ഫോൺ വിളിയിൽ മുഴുകി.
സംസാരത്തിനിടയിൽ വീണ്ടും കച്ചറ ഡബ്ബക്കരികിലേക്ക്‌ നോക്കിയ ഞാനാകെ വല്ലാതെയായി.
ബിൽഡിങ്ങിലെ ഹോട്ടലിൽ നിന്ന് കൊണ്ടിട്ട ഭക്ഷണത്തിന്റെ വേസ്റ്റ്‌ ഒരു പേപ്പെറിലേക്കാക്കി ഡബ്ബയുടെ മറവിലിരുന്ന് അയാൾ തിന്നുന്നു
ആരും കാണുന്നില്ലന്ന് ഉറപ്പ്‌ വരുത്താൻ ഇടക്കിടെ നാലുപാടും നോക്കുന്നുണ്ട്‌.
ഞാൻ ഫോൺ കട്ട്‌ ചൈത്‌ റൂമിൽ വന്ന് എല്ലാവരെയും കൂട്ടി അയാളുടെ അടുത്തേക്കിറങ്ങി ചെന്നു.കാൽ പെരുമാറ്റം കേട്ടതിനാലാകാം അയാൾപെട്ടെന്നെണീറ്റ്‌ ഒഴിഞ്ഞ പെപ്സി ബോട്ടിൽ പെറുക്കുന്നതായി ഭാവിച്ചു.അപ്പോഴും അയാളുടെ കയ്യിൽ കഴിച്ച ഭക്ഷണത്തിന്റെ എച്ചിലുകളുണ്ടായിരുന്നു.
അടുത്ത്‌ ചെന്ന് ഞാൻ കണ്ട കാര്യങ്ങൾ വിവരിച്ചപ്പോൾ മുഖത്ത്‌ വല്ലാത്ത ഒരുഭാവം.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സധാരണ നമ്മൾ കേൾക്കുന്ന 'ഓരയുസ്സു മുഴുവൻ കുടുംബത്തിന്‌ വേണ്ടി ജീവിച്ച്‌ കറിവേപ്പിലയായ ' ഗൾഫ്‌ മലയാളിയുടെ കഥ.

ഇനി തിരിച്ച്‌ നാട്ടിലേക്ക്‌ പോകുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ അവിടെ ചെന്നാൽ നായ്ക്കളും കാക്കകളും ഒക്കെ കൂടി തല്ലും ബഹളവുമായിരിക്കും ഇവിടെയാകുമ്പൊ അതൊന്നുമില്ലല്ലോ സ്വസ്ഥമായി പെറുക്കികഴിക്കാം പിന്നെ പരിചയക്കാരു കാണും എന്ന പേടിയുമില്ല
കേട്ടപ്പോൾ ഒരുവല്ലായ്മ .എല്ലാവരും കൂടി കയ്യിലുള്ളത്‌ നുള്ളിപെറുക്കി കൊടുത്തപ്പോൾ അദ്യം നിരസിച്ചു. പിന്നെ നിർബന്ധിച്ചപ്പോൾ ഒരു 10 ദിർഹംസ്‌ എടുത്തിട്ട്‌ രണ്ടു ദിവസത്തിനിത്‌ ധാരാളം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുട്ങ്ങിയപ്പോൾ ,അപ്പൊ രണ്ട്‌ ദിവസം കഴിഞ്ഞാൽ എന്ന ചോദ്യത്തിന്‌ "റമസാനല്ലേ മക്കളേ വൈകീട്ട്‌ പള്ളിയിൽ ഭക്ഷണം കാണും നിങ്ങൾക്കതൊക്കെ ഒരു ഹരമായിരിക്കും പക്ഷെ എന്നെപ്പൊലുള്ളവർക്ക്‌ അതൊരനുഗ്രഹമാ "എന്ന് പറഞ്ഞപ്പോൾ എന്തൊ അയാളുടെ ശബ്ദം ഇടറിയതായി എനിക്ക്‌ തോന്നിയതാകും

8/13/09

സ്വാതന്ത്ര്യദിനപ്രതിജ്ഞ

ഇനിയെങ്കിലും ഉള്ള സമയം മറ്റുള്ളവന്റെ അണ്ണാക്കിൽ കൊള്ളിയിട്ട്‌ കുത്താനും, മറ്റുള്ളവന്റെ വെള്ളംകുടിമുട്ടിക്കാൻ അവനിട്ടു പണിയാനും നിൽക്കാതെ വീടും പറമ്പും പരിസരവും ഒക്കെ വൃത്തിയാക്കിയും മറ്റും മാരകരോഗങ്ങൾ പരത്തുന്ന രോഗാണുക്കൾക്കെതിരെ പോരാടി സ്വതന്ത്ര്യം നേടാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക്‌ പ്രതിജ്ഞയെടുക്കാം

സ്വാതന്ത്ര്യദിനാശംസകൾ

8/1/09

തങ്ങൾ അന്തരിച്ചു

മതേതര കേരളത്തിന്‌ നികത്താനാകാത്ത നഷ്ടം
1992ലും മറ്റും പലരും മതത്തിന്റെ വേലികെട്ടിനുള്ളിൽ നിന്ന് തീരുമാനങ്ങളെടുത്തപ്പോൾ മതേതരത്തിന്റെ വിശാലതയിലൂന്നി തീരുമാനമെടുത്ത്‌ ചെറുപുഞ്ചിരിയോടെ കേരളത്തെ സമാധാനത്തിലേക്ക്‌ നയിച്ച മഹാൻ

ഈ മഹാന്റെ വിയോകത്തിൽ ദുഃഖാർദ്ദ്രമായ കേരള ജനതയോടൊപ്പം ഞാനും പങ്കുചേരുന്നു

7/9/09

എന്റെ പ്രണയിനിക്ക്‌ സ്നേഹപൂർവ്വം

കോളെജ്‌ ജീവിതത്തില്‍ സൌരഭ്യത്തിണ്റ്റെ നനുത്ത കാറ്റായ്‌ നീ എന്നിലേക്കു വീശിയത്‌ ഒരു പക്ഷെ അന്നായിരിക്കാം...............

ഇളം പച്ച ഉടുപ്പിട്ട്‌ തിളങ്ങുന്ന കണ്ണുകളുമായി നീ കടന്നു വരുമ്പോൾ ഇളം തെന്നലിൽ നെറ്റി തടത്തിലേക്ക്‌ വീണു കിടന്ന മുടിയിഴകളെ ഒതുക്കി വെക്കുന്ന നിൻ കൈകളിലൊരു കരിവള പോലുമില്ലയിരുന്നു...........

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നു മിണ്ടാൻ വെമ്പുന്ന മനസ്സുമായി പലതവണ നിന്നരികിൽ ഞാൻ വന്നങ്കിലും വരണ്ട തൊണ്ടയും പിടക്കുന്ന മനസ്സുമായി നോക്കിനിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു
മുഖത്തേക്ക്‌ പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി കൂട്ടുകാരികൾക്കിടയിൽ ഒതുങ്ങിയിരിക്കുന്ന നിന്നെ പിന്നീട്‌ കണ്ടപ്പൊഴൊക്കെ ഒരു വിഷാദം മുഖത്ത്‌ നിഴലിച്ചിരുന്നോ…………

ഓരോ തവണ നിൻ വഴികളിൽ മനപ്പൂർവ്വം വന്നു പെടാൻ ഞാൻ ശ്രമിച്ചപ്പോഴും നീ എന്നെ ശ്രദ്ദിക്കുന്നത്‌ ഞാൻ ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു
എന്നും കാണുന്ന ഗോവണിപ്പടികൾക്കരികിൽ നിന്ന് ഞാൻ മനപ്പൂർവ്വം മാറി നിന്നപ്പോഴൊക്കെ നിൻ കണ്ണുകൾ എന്നെ തിരയുന്നത്‌ ഞാനറിഞ്ഞിരുന്നു

നിന്റെ സമീപ്യം എന്നിലും എന്റെ സമീപ്യം നിന്നിലും ഹൃദയമിടിപ്പിന്റെ വേകത കൂട്ടിയിരുന്നില്ലേ

.................കണ്ടും കാണാതെയും കൊഴിഞ്ഞു പോയ ദിനങ്ങളിലെപ്പെഴൊ നമ്മൾ പരിചയപ്പെട്ടതും മിണ്ടിയും മിണ്ടാതെയും ആ സൗഹൃദം വളർന്നതും എല്ലാം നീ എപ്പോഴും പഴിച്ചിരുന്ന വിധിയായിരുന്നോ.........

.......... ജീവിതത്തിന്റെ കൈപ്പും മധുരവും പരസ്പരം പങ്കുവെച്ചപ്പോൾ നമ്മൾ ഒരേ വഴിയിലെ യത്രക്കാരായത്‌ യാദ്ശ്ചികം മാത്രം.................

ക്യാമ്പസ്‌ ശൈശവ കാലം പിന്നിട്ട്‌ വിരഹത്തിന്റെ ചൂടേറിയ മാർച്ചിലേക്ക്‌ കടക്കുന്ന ഒരു വൈകുന്നേരം
..............”അച്ചന്റെ ശംബളം നിത്യരോഗിയായ അമ്മയുടെ മരുന്നിനും എന്റെ ഫീസിനും മറ്റ്‌ വീട്ടു കാര്യങ്ങൾക്കും തന്നെ തികയില്ല പിന്നെയാ ഇനി ഓട്ടോഗ്രാഫ്‌ നിനക്കുപറ്റുമെങ്കിൽ ഇതിൽ വല്ലതുമെഴുതിക്കൊ” എന്നു പറഞ്ഞു നീ നിൻ വളയിടാത്ത കൈകളിൽനീട്ടിപ്പിടിച്ച ഈ പേജുകളിളകിത്തുടങ്ങിയ നിൻ നോട്ട്‌ ബുക്കില്‌ എന്തെഴുതും എന്നറിയാതെ ഞാൻ നിന്റെ മിഴികളിലേക്ക്‌ നോക്കി നിന്നപ്പോൾ പെയ്ത്‌ തീർന്ന മഴയുടെ ബാക്കിയായ്‌ ഇലത്തുംബിൽ ഉറ്റാൻ മടിച്ച്‌ നിൽക്കുന്ന മഴത്തുള്ളി പോലെ തുളുംബി നിൽക്കുന്ന നിൻ കണ്ണുകൾ………...

“ജീവിതത്തിൽ നന്മകൾ മാത്രമുണ്ടാകട്ടെ” എന്നെഴുതി നോട്ട്‌ ബുക്ക്‌ തിരിച്ച്‌ നൽകുമ്പോൾ ഞാൻ നിനക്കു വേണ്ടി ആദ്യമായ്‌ എഴുതിയതെന്താണെന്നറിയാനുള്ള ആകാംശ നിറഞ്ഞ നിൻ കണ്ണിലെ നീർത്തുള്ളി സപ്തവർണ്ണങ്ങളിൽ തിളങ്ങിറ്റിയിരുന്നത്‌ നീ അറിഞ്ഞിരുന്നോ.......
ഇനിയെന്നു കാണും, അല്ലങ്കില്‍ ഇനി കാണണൊ എന്നു ഞാന്‍ ചോദിച്ചപ്പോള്‍
ഉത്തരമായി നീണ്ടു നിന്ന മൗനം.. പിന്നീടതൊരു തേങ്ങലായി മാറിയോ...........................................

നനഞ്ഞ കണ്ണുമായ്‌ നിൽകുന്ന നിന്നൊടെന്തു പറയണമെന്നറിയാതെ നിന്‍ കണ്ണുകളിൽ ഞാന്‍ നോക്കിയിരിക്കെ നീ എന്തൊ പറയാൻ തുടങ്ങിയപ്പോൾ മനം മടുപ്പിക്കുന്ന ഭീകരനായി ബെല്‍ മുഴങ്ങിയതും എന്നെ ആരോ വന്നു നിന്നെ വിളിച്ചതും നീ പറഞ്ഞ ആ വിധിയുടെ വിളയട്ടമായിരിക്കുമല്ലെ......

……വല്ലപ്പോഴുമുണ്ടായിരുന്ന ടെലിഫോണ്‍ ബന്ധം ഇടയില്‍ മുറിഞ്ഞുപോയതും നമ്മുടെ സൌഹൃദം പതിയെ പതിയെ മാഞ്ഞുപോയതും വിധിയുടെ കളികള്‍ ആയിരുന്നിരിക്കാം…… അല്ലങ്കിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാൻ വേണ്ടി നെട്ടോട്ടമോടി പ്രവാസിയായതിനിടക്ക്‌ കാലം മായ്ച്ചതായിരിക്കാം.......

വേനലിന്റെ കൊടും ചൂടിൽ തളരിലകൾ വാടിയും ആശ്വാസമായ്‌ പെയ്ത പേമാരിയിൽ തളിർത്തും കാലങ്ങളെത്രയോ നിന്നെയോർക്കാതെ,അറിയാതെ കടന്നുപോയങ്കിലും ചരമകോളത്തിലെ നിന്റെ ചിത്രത്തിലെ കണ്ണുകളിൽ ആ പഴയ തിളക്കമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു..........

ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ ലേബർ ക്യാംബിലെ സിമന്റ്‌ ബെഞ്ചിൽ മലർന്ന് കിടക്കുമ്പൊൾ.. ആകാശം മുഴുവൻപ്രഭ ചൊരിഞ്ഞുനിൽക്കുന്ന ചന്ദ്രബിംബത്തിനകലെയായ്‌.. ആകാശത്തിന്റെ കോണിൽ എന്നെ നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രത്തിന്‌ നിന്റെ കണ്ണുകളുടെ അതേ തിളക്കമായ്‌ എനിക്ക്‌ തോന്നിയതൊ അതൊ എല്ലാം മടുത്ത്‌ ഒരു തീപ്പെട്ടികംബിലെ തീ നാളത്തിൽ നീ സ്വയം ലയിച്ചപ്പോൾ ഉയർന്ന പുകച്ചുരുളിലേറി നിൻ ആത്മാവും നക്ഷത്ര ലോകത്തേക്ക്‌ ചേക്കേറിയിരുന്നോ .......


സ്മർപ്പണം:കാമുകിയുടെ മരണ വാർത്ത പത്രകോ ളത്തിലൂടെ അറിഞ്ഞ്‌ പരിസരം മറന്നു പൊട്ടി കരഞ്ഞ എന്റെ സുഹൃത്തിനു

7/4/09

ജോറായി മീറ്റ്‌ 2009

എന്താടാ ഒരു അമൊൻസെന്റ്‌ ബെര്‌ന്‌ണ്ടല്ലാ
അമൊൻസെന്റെല്ല കുഞ്ഞിക്കാ അനൗൺസ്‌മന്റ്‌
എന്തായാലും അത്‌ ഇങ്ങട്ട്‌ ബെര്‌ന്‌ണ്ടല്ലാ
.......രെയും സഹർഷം ക്ഷണിച്ച്‌ കൊള്ളുന്നു സ്വാഗതം ചെയുന്നു ........
പ്രിയപ്പെട്ട നാട്ടുകാരെ ആൾ കേരള അൺ മാരീഡ്‌ മെൻസ്‌ അക്കാദമിയുടെ ആഭിമുക്യത്തിൽ ജോറായി ബീച്ചിൽ വെച്ച്‌ നടത്തുന്ന അൺ മാരീഡ്‌ മെൻ മീറ്റ്‌ ജോറായി 2009 ലേക്ക്‌ ഈ നാട്ടിലെ അവിവാഹിതരായ എല്ലാവരേയും സഹർഷം ക്ഷണിച്ച്‌ കൊ...........
എന്താ മൊനേ വിൾച്ചർഞ്ഞ്‌ പോണത്‌ .അ അ ആ.... നൊട്ടീസൊക്കെണ്ടല്ലാ അതൊന്ന് ബായ്ച്ചാ എന്താന്ന് ഞമ്മക്കും ഒന്നറ്യണല്ലാ …..ഇജ്ജ്‌ എന്താ ബലാലെ അയിക്ക്‌ നോക്കിക്ക്ണ്‌ ഒറക്കെ ബായ്ച്ച്‌ ഞമ്മളും കേക്കട്ടെ

അവിവാഹിത സങ്കമത്തിൽ പങ്കെടുക്കുക!!!

സുഹൃത്തെ ,
അവിവാഹിതന്മാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള നിർദേശങ്ങൾ ലളിതമായി നേരിട്ട്‌ പറഞ്ഞു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആൾ കേരള അൺ മാരീഡ്‌ മെൻസ്‌ അക്കാദമി തുടങ്ങിയ വിവരം ഇതിനകം താങ്കൾ അറിഞ്ഞിരിക്കുമല്ലോ (ഇല്ലങ്കിൽ ഇപ്പൊ അറിയുക)
ആ ആൾ കേരള അൺ മാരീഡ്‌ മെൻസ്‌ അക്കാദമി യുടെ കീഴിൽ ഈ വരുന്ന ആഗസ്റ്റ്‌ 15 (ശനി) ജോറായി ബീച്ചിൽ വെച്ച്‌ അവിവാഹിതരുടെ സങ്കമം നടത്താൻ തീരുമാനിച്ചതായി സതീഷ്‌ കെഴക്കെ തോട്‌ അറിയിച്ചിരിക്കുന്നു . വെത്യസ്ത സ്വഭാവങ്ങളും ശീലങ്ങളൂം(പായയുടെ പകുതികീറിക്കളയുക,ഭക്ഷണം കുറച്ച്‌ കഴിക്കുക , നേരം വൈകി വീട്ടിൽ വരിക, ‘സ്വതന്ത്രനായി’ കിടന്നുറങ്ങുക എക്സട്രാ) കാണിച്ച്‌ വിവാഹിതരാകാൻ ശ്രമിക്കുന്നതൊക്കെ മാറ്റിവച്ച് മാനവികമായ പരസ്പ്പര ബഹുമാനത്തിന്റെ സൌഹൃദ കൂടൊരുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്ന സംഘാടകര്ക്ക് അഭിവാദ്യങ്ങള്‍ !!!!
അൺ മാരീഡ്‌ മെൻ ജോറായി 2009 മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേര്‍ രജിസ്റ്റർ ചെയ്യാന്‍ നമുക്കു സുപരിചിതമായ അക്കാദമി വെബ്‌ സൈറ്റിൽ നൽകിയിരിക്കുന്നു
NB കേരളത്തിലെ അവിവാഹിതരായ എല്ലാവരും ഇതിലെ അങ്കങ്ങളായി കണക്കാക്കുന്നതിനാൽ പ്രത്യേക എണ്ട്രി പാസ്സ്‌ ഉണ്ടായിരിക്കുന്നതല്ല.
Pinne:ആതിഥ്യമര്യാദക്ക് മാതൃകാപരമായി വേദിയൊരുക്കിയ സതീഷ്‌ കെഴക്കെ തോടിനും സുഹൃത്തുക്കള്ക്കും ആൾ കേരള അൺ മാരീഡ്‌ മെൻസ്‌ അക്കാദമിയുടെ അഭിനന്ദനങ്ങള്‍!!!!

കെയിഞ്ഞാ..

ആ കെയിഞ്ഞി എന്ത്യേ ഇങ്ങള്‌ക്ക്‌ പോണാ..
ഞമ്മളൊന്നു കെട്ടിപ്പോയീലേ….
ഇഞ്ഞിപ്പേതായാലും ഇങ്ങളൊക്കെ പൊയ്ക്കോളിം
അത്പ്പൊങ്ങള്‌ പറ്യ്ണ്ട ഞങ്ങള്‌ രണ്ടാളൂം പൊയ്ക്കോളും
ഞങ്ങൾ രണ്ടാളല്ല നീ മാത്രം
അതെന്താ നീ പോകൂലെ

എങ്ങനെ ഞാൻ പോകൽ ,ആരെങ്കിലും ഒരുസംഘടന തുടങ്ങിയെന്ന് വെച്ച്‌ ഞാനെങ്ങനെ പോകും ഇനി ഞാൻ പോയി എന്ന് തന്നെ വെക്ക്‌ അതൊരു ബീച്ചാണ്‌ അവിവാഹിതരായ പെൺപിള്ളേർ കാണും ആരെങ്കിലും എന്തങ്കിലും ചൈതാൽ അതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും അതല്ല ഇനി അവിവാഹിതരായ തീവ്രവാദികളും വന്ന് അതൊരു പോലിസ്‌ കേസായാൽ അവിടെപ്പോയീ എന്ന കാരണത്താൽ പോയവരൊക്കെ തീവ്രവാദിയെന്ന സംശയിക്കപ്പെടില്ലേ .ഇനിപോട്ടെ വല്ല ചാവേറുകൾ വന്നു പൊട്ടിത്തെറിച്ചാൽ ഞാൻ ജാരനായി പോകുന്നിടത്തൊക്കെ യാർ പോകും
കഴിഞ്ഞൊ
ഒന്നു ശ്വാസം വിട്ട്‌ പറയ്‌ നീ പറഞ്ഞതൊക്കെ ശരിയാണു അവിടെ വരുന്നവർക്ക്‌ പല ഉദ്ദേശങ്ങളും കാണും അതിന്‌ നീ പോണില്ല്യങ്കിൽ നീപോകണ്ട എന്തിനാ നീ പോകുന്നവരെ നേരെ തിരിയുന്നേ. അവിവാഹിതർ പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കട്ടെ അവർ തമ്മിലറിയട്ടെ പരിചയപ്പെടട്ടെ അങ്ങനെ സമൂഹത്തിന്റെ പല മേഘലയിലുള്ളവരും തമ്മിൽ സൗഹൃദങ്ങളുണ്ടാകട്ടെ,മുസൽമാനും ക്രിസ്ത്യാനിക്കും ഹിന്ദുവിനും പ്രത്യേകം പ്രത്യേകം സ്കൂളുകളും മറ്റും വന്ന അവസ്സാനം മനുഷ്യൻ മതങ്ങളുടെ പേരിൽ തരം തിരിച്ച്‌ സ്വന്തം മതക്കാരെ മാത്രം കല്യാണം വരെ വിളിക്കുന്ന കാലത്ത്‌ പരസ്പരം അറിയാൻ ഇതൊരു വേദിയാകുമെങ്കിൽ അത്‌ എന്തിന്‌ തടയണം

നീ പറഞ്ഞതൊക്കെ തന്നെ യാണ്‌ സങ്കമത്തിന്റെ ലക്ഷ്യമെന്നിരിക്കട്ടെ എന്നാലും അവരെന്തിനു ആൾ കെരളാ അവിവാഹിത എന്ന് പറയുന്നു അങ്ങനെ ഒരു സംഘടനയിൽ ചേരാനാഗ്രഹമില്ലത്ത ഞനോക്കെ അതിലുൾപെടില്ലേ അപ്പൊ ആ പേരിൽ അവർ എന്തെങ്കിലും വൃത്തികേട്‌ കാണിച്ചാൽ അത്‌ എല്ലാ അവിവാഹിതർക്കും അതിന്റെ പേരു ദോഷം വരില്ലേ .

എടാ നീ അങ്ങനെ ചിന്തിക്കുന്നത്‌ കൊണ്ടാ നിനക്കങ്ങനെ ഒക്കെ തോന്നുന്നത്‌ ഇപ്പൊ നോക്ക്‌ ഗൾഫിലൊക്കെ അബൂദാബി മലയാളി സോശ്യൽ വെൽഫൈർ,മലയാളീ സമാജ്യം എന്ന പെരിലൊക്കെ സങ്കടനയില്ലേ അവർ വല്ലതും പറഞ്ഞാൽ അത്‌ അവിടെയുള്ള മുഴുവൻ മലയാളികളും പറഞ്ഞപോലെയാകുമോ?

നീ അത്‌ വിട്‌ ഇപ്പൊ തന്നെ നോക്ക്‌ നായർ സോസൈറ്റിയുടെ നേതാവ്‌ എന്തോ പറഞ്ഞപ്പോ അതിനെ പിന്തുണക്കാത്ത മറ്റു നായന്മാരും അത്‌ പറഞ്ഞ പോലെയായില്ലേ.നാളെ അവിവാഹിത അക്കാദമിയുടെ പ്രധിനിധി എന്തങ്കിലും പറഞ്ഞാൽ അത്‌ ഞാനും നീയും അടക്കമുള്ള അവിവാഹിതർ പറഞ്ഞ പോലെയാകില്ലേ ജനം കാണുക.ഒരുപക്ഷെ സംഘടനയെ പറ്റി അറിയുന്നവർക്ക്‌ ഒരു പക്ഷെ നമ്മൾ പറഞ്ഞാൽ മനസ്സിലാകും ബാക്കിയുള്ളവരെല്ലാം എങ്ങനെ വിലയിരുത്തും

മുണ്ടാതെ നിക്കിം ഹംക്കാളെ കൊറെ നേരായി ഞ്ഞാത്ങ്ങനെ കേക്ക്ണ്‌ അനക്ക്‌ പറ്റൂലങ്കി ഇജി പോണ്ട ഇവൻക്‌ മാണങ്കി ഇവമ്പൊയ്ക്കോട്ടെ അതിന്‌ ഇങ്ങള്‌ കെടന്ന് കാടം പൂച്ചാളമാതിരി തമ്മി തല്ല്ണ്‌ ബേറെ എന്തക്കെ ഇണ്ട്‌ ലോകത്ത്‌ പറ്യാൻ
കുഞ്ഞിക്കാ ഞങ്ങളെ പോകറ്റിലെ കാശ്‌ കൊട്ത്ത്‌ ഞങ്ങൾ ചായ കുടിക്കുമ്പോൾ ഞങ്ങൾ എന്ത്‌ പറയണം എന്ത്‌ പറയണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത്‌ ഞങ്ങളാണ്‌ മനസ്സിലായ
ഹും ഇഞ്ഞി ഞമ്മളെ നെഞ്ഞത്ത്ക്ക്‌ കേറിക്കോളിം ഇത്തറിം നേരം തമ്മിത്തല്ല്യൊരല്ലേ ഹും ഇഞ്ഞി ഞമ്മളെ നെഞ്ഞത്ത്ക്ക്‌ കേറിക്കോളിം ഇത്തറിം നേരം തമ്മിത്തല്ല്യൊരന്നല്ലേ ഇങ്ങള്‌
അത്‌ പിന്നങ്ങനല്ലേ കുഞ്ഞിക്ക ഞങ്ങൾ പരസ്പരം കലഹിക്കും തെറിപറയും ഞങ്ങളെ നേരെ ആരങ്കിലും തിരിഞ്ഞ ഞങ്ങളൊറ്റകെട്ടാ.
ഇപ്പൊ ഇങ്ങള്‌ ഒന്നായി ഞമ്മള്‌ പൊർത്തു‍ായി
പോകഞ്ഞ കൊള്ളി പുറത്ത്‌ എന്നല്ലേ കുഞ്ഞിക്കാ
അതിന്‌ ഞാനെപ്പളാ മോനെ പോകഞ്ഞ്‌
അതാ നിങ്ങളെ ചുണ്ടിൽ പുകയിണ്‌ പാർട്ടിക്കാരൻ പുകക്കുന്ന ദിനേശ്‌ ബീഡി
ഞമ്മള്‌ ഒരു ദിനേശിന്റിം ആളല്ല മോനേ അതവട്ന്ന് പോകഞ്ഞോട്ട്‌ ഇങ്ങളെന്താചാ പർഞ്ഞോളിം ഞമ്മക്ക്‌ ബേറെ പണിണ്ട്‌

6/28/09

അപ്പൊ ഞാനും തുടങ്ങി


എന്താണ്‌ കുട്ട്യേ ജ്‌ കൊറെ നേരായല്ലാ കമ്പ്യൂട്ടറിന്റെ മുമ്പില്‌ കൂനിക്കൂടി ഇരിക്കിണ്‌ എന്താ പരിപാടി? ഒന്നുല്യ കുഞ്ഞിക്ക ഞാനും തൊടങ്ങ്‌‍ാ


എന്ത്‌?


ബ്ലോഗിംഗ്‌


ന്റെ തമ്പുരാനെ......


എന്തെ കുഞ്ഞിക്ക ഇങ്ങള്‌ തലില്‌ കയ്യ്‌ വച്ച്‌?


ഒന്നുല്യാ കൊടകര പുരാണം ബ്രിജ്‌ വിഹാറും കുറുമാൻ കഥകളും,പൊങ്ങമൂടനും ബെർളിത്തരങ്ങളും നന്ദപർവ്വൊം കൈപ്പള്ളിയും ശ്രീയും കൊച്ച്ത്രേസ്യും വല്യമ്മായും ചെറിയമ്മായും തൊടങ്ങിയങ്ങനെ അണായിട്ടും പെണ്ണായിട്ടും എണ്ണ്യാകിട്ടാത്തത്ര പുലികൾ പേരു പറഞ്ഞും അനോണി ആന്റണി മരമാക്രി ഇഞ്ചിപെണ്ണ്‌ ചുക്ക്‌ ചെക്കൻ അങ്ങനെ കൊറെ പുലികൾ പേരു പറയാതിം ഒക്കെ വെലസുമ്പൊ മര്യാദക്ക്‌ മലയാളം അച്ചര തെറ്റില്യാതെ എയ്താനും ബായ്ച്ചാനും അറ്യാത്ത ജിപ്പൊ തൊടങ്ങിയാ ആരെങ്കിലും ബായ്ച്ചൊ?


ആ.. അറീല കുഞ്ഞിക്ക ന്നാലും നൊക്ക്‌‍ാ


അല്ലട ഒരു തംസ്യം ഇജ്ജിപ്പൊ പടച്ചോൻ സകായിച്ചിട്ട്‌ വല്ലതും എഴുത്തിനെന്നെ വെക്ക്‌ എങ്ങനെപ്പൊ എല്ലാരും അറിയ...


അതായത്‌ കുഞ്ഞിക്ക..... ഈ ചിന്താ ചിന്താന്നു കീട്ടിണ്ടാ..


അക്ഷരം മാറ്റിം മറച്ചുട്ട്‌ ബായ്ച്ച്യാണങ്കി നമ്മൊളെട്തെന്നെണ്ടെയ്നി ഇതുപ്പൊ ചിന്തന്നൊക്കെ പറയുമ്പൊ...


ആ അങ്ങനെ ഒന്ന്ണ്ട്‌ കുഞ്ഞിക്കാ Malayalam Blog Aggregator chintha -http://www.chintha.com/malayalam/blogroll.php അവിടെ വരും പിന്നെ http://www.malayalamblogs.co.in/ ഇവെടിം അങ്ങനെ പലോട്ത്തും വരും


മനസ്സിലയാ


മൻസ്സിയലായി എല്ലാ അപ്പൊ എങ്ങനെ പോസ്റ്റ്‌ ബെർളിത്തരങ്ങൾ മാതിരി നിത്യണ്ടാകൊ അതൊ ലേഖാ വിജയ്‌ മാതിരി വാർഷികപതിപ്പ്‌ മാത്രൊള്ളൊ


അത്‌ കുഞ്ഞിക്ക പറ്റുമ്പലി


വീക്ക്‌ലി,മന്ത്‌ലി ന്നോക്കെ കേട്ട്ക്ക്ണ്‌ ഇതെന്ത പറ്റുമ്പലി


എന്ന് വെച്ച എപ്പള എനിക്ക്‌ സമയൊം സന്ദർഭൊംക്കെ കിട്ട്ണ്‌ അപ്പൊ


എല്ല മൊനെ അപ്പൊ എന്താ വിഷയം പുരാണം,നർമം,കലണ്ടർ ചിത്രം ,തല്ലുകൊള്ളിത്തരം?


അതിക്ക "വായീ തോന്നുണത്‌ കോതക്ക്‌ പാട്ട്‌"


എന്ന് വച്ച?


എന്ന് വച്ച എനിക്ക്‌ തോന്നുന്നഎന്തും

അപ്പൊ "വല്ലഭനു പുല്ലും ആയുധം"


ഇക്ക ഉദ്ദ്യേശിച്ചത്‌?


കയ്യ്‌ കിട്ടൊണതൊണ്ട്‌ നട്ടാരു തല്ലുന്ന്


അപ്പൊ കൊറച്ച്‌ മന്യായിക്കൊട്ടെല്ലേ ക്കാ..


ആ എന്തെങ്കിലും കാട്ട്‌ ഏതായാലും ഞാൻ വെടെന്നിട്ട്‌ കര്യല്യാ ഞാമ്പോട്ടെ


പോകല്ലിം കുഞ്ഞിക്ക


എന്തെ ജ്‌ ബ്ലോഗ്‌ തൊടങ്ങുണൊട്ത്ത്‌ ഇന്‌ക്കെന്താകാര്യം

കുഞ്ഞിക്ക ഇങ്ങളല്ലേ നന്ദി പറിണത്‌


അപ്പൊ തൊടങ്ങിണീന്റെ മുമ്പെന്നെ പൂട്ട്യാ


അതെന്ത ഇങ്ങളങ്ങനെ പറഞ്ഞത്‌


എല്ലാ അവസാനല്ലേ നന്ദി പറയാ

അതല്ലക്കാ ഈ ബ്ലോഗ്‌ തൊടങ്ങാൻ സഹായിച്ചോർക്കൊക്കെ നന്ദി പറ്യാ ന്ന് വിജാരിച്ച്‌

അപ്പൊ പിരിവൊക്കൊണ്ടേർന്നല്ലേ...


എന്ത്‌ പിരിവ്‌


പൈസ പിരിവ്‌


ആര്‌ പറഞ്ഞ്‌


അപ്പൊപിന്നെ സകായിച്ചി ന്നൊക്കെ ജി പർഞ്ഞതൊ


അതിക്കാ എങ്ങനെ തൊടങ്ങണം എന്തൊക്കെ ചെയ്യണമ്ന്നൊക്കെ പർഞ്ഞന്ന് സഹായിച്ചോരെ കര്യാ


അത്‌ സരി അങ്ങനെ വരട്ടെ


എടാ അങ്ങനെ അവരൊടൊക്കെ നന്ദി പറഞ്ഞാ അതൊക്കെ അനൗചിത്യാകൂലെ


എന്താകൂലേന്ന് കുഞ്ഞക്ക പറഞ്ഞത്‌


മോശാകൂലെന്ന് ഞമ്മള്‌ സാച്ചരതക്ക്‌ പോയപ്പൊ പടിച്ചതാ


എന്ത്‌


അനൗചിത്യം


അതൊന്നുംതൊന്നൂല ഇങ്ങള്‌ പറയ്‌


ഇന്നാ പിന്നെ പറയ ലെ


ഹ്ം ടും ടും മൈക്‌ ടെസ്റ്റ്‌


"ബ്ലോഗിലുപവിസ്ടരായ അദ്ധ്യക്ഷൻ.............


എന്ത കുഞ്ഞിക്ക ഇങ്ങള്‌ പറയിണ്‌


അല്ല ഞാനതീന്റെ ഒര്‌ രീതീല്‌


അതിനൊന്നും നേരല്യ നേരിട്ട്‌ അങ്ങട്ട്‌ പറയ്‌


കാച്ചട്ടെ


ഏം പിന്നെ അങ്ങട്ട്‌ കാച്ച്‌


എന്തപ്പിഞ്ഞ്‌ നോക്കാൻ


ഹ്ം...


മലയാളം ടൈപ്പ്‌ ചെയ്യാൻ സോഫ്റ്റ്‌വെയർ ഫ്രീ ആയി ഡൗൺലോഡ്‌ ചെയ്യാൻ സമ്മയ്ച്ചോര്‌ക്കും ബ്ലോഗുണ്ടാക്കൻ ഫ്രീയായി സ്ഥലം തന്നവർക്കും ,ബ്ലോഗുണ്ടാക്കൻ ഫ്രീയായി സഹായിച്ച ബ്ലോഗർമാർക്കും അങ്ങനെ ഫ്രീയായി പ്രോത്സഹിപ്പിച്ച മറ്റെല്ലാവർക്കും എന്റെ സ്വന്തം പേരിലും ഈ ബ്ലോഗിന്റെ പേരിലും ഞാൻ നന്ദി പറയുന്നതിനൊടൊപ്പം എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു"

എങ്ങനെണ്ട്‌

എന്റെ കുഞ്ഞിക്ക കലക്കി കൊടു കൈ ഫ്രീയായിട്ട്‌

എല്ലടാ.. ഒക്കെ ഫ്രീയാലെ

പിന്നെല്ലാണ്ട്‌ ഞാനീ പണിക്ക്‌ നിക്കോ

കെ യ്ഞ്ഞിലെ പോട്ടേ

പോകല്ലിം ഒരാൾക്കുംകൂടിണ്ട്‌

ആർക്ക്‌

ഇത്തറിം നേരം ഇന്റെ കൂടെ നിന്ന് ശല്യം ചൈത്‌ അവസാനം ഫ്രീയായി നന്ദി പറഞ്ഞ ഇന്റെ സ്വന്തം കുഞ്ഞിക്കാക്കും നന്ദി

പോട ബെടക്കെ ജി ആളെ കളിയാക്കാതെ

-----------------------------------------------------------------------------------------------

സമർപ്പണം:നരച്ചു തുടങ്ങിയ ബ്ലാക്ക്‌ ബോർഡിൽ ആദ്യാക്ഷരങ്ങളെഴുതി, ഈണത്തിൽ അതു വായിച്ച്‌, കൂടെ വായിക്കാൻ പ്രേരിപ്പിച്ച്‌ അങ്ങനെ അക്ഷരങ്ങളുടെ ലോകത്തേക്ക്‌ കൈപിടിച്ച്‌ നടത്തിയ ഞങ്ങളുടെ പാർവ്വതി ടീച്ചർക്ക്‌.... അക്ഷരത്തെറ്റിന്റെ പേരിൽ(ഇന്നും ഇതു മാറിയിട്ടില്ല ടീച്ചറെ)ചെവി നുള്ളി പൊന്നാക്കിയ വസന്ത ടീച്ചർക്ക്‌.... കവിതകൾ ഈണത്തിൽ ചൊല്ലി ആശയം കഥയായിപറഞ്ഞ്തന്നു കവിതകളുടെ ലോകത്തേക്ക്‌ എത്തിനോക്കൻ പ്രേരിപ്പിച്ച രവിമാഷിന്‌….