9/17/09

ഒരു പെരുന്നാൾ ചിന്ത

“പെരുന്നാൾ മാസം കണ്ടാൽ പിന്നെ ആളോഹരി അളന്ന് ഫിത്വ്‌ർ സകാത്തിന്റെ അരി സഞ്ചിയിലാക്കുന്ന തിരക്കാകും.അരിനിറച്ച്‌ കഴിഞ്ഞാൽ പിന്നെ അത്‌ അടുത്ത വീടുകളിൽ എത്തിക്കുന്നത്‌ ഞങ്ങൾ കുട്ടികളുടെ ഡ്യൂട്ടിയാണ്‌.അങ്ങനെ കൊണ്ട്കൊടുക്കുമ്പോൾ അവിടെ ന്നൊക്കെ പൂവട പുഴുങ്ങിയതും മറ്റു പലഹാരങ്ങളും ഞങ്ങൾക്ക്‌ സമ്മാനമായികിട്ടുമെങ്കിലും തെക്കേതിലെ തറവാട്ടിലേക്ക്‌ പെരുന്നാളിനു ഫ്രൂട്ട്സും പച്ചക്കറികളും ഒക്കെ നിറച്ച ‘പെരുന്നാൾകൊട്ട’ കൊണ്ടുകൊടുക്കാൻ ഞങ്ങൾക്ക്‌ ഒരു പ്രത്യേക ഉത്സാഹമായിരുന്നു. കാരണം പെരുന്നാൾ മാസം കണ്ടാൽ തെക്കെതിലെ അമ്മിണിചേച്ചിയും കുട്ട്യേടത്തിയുമൊക്കെക്കൂടി ഞങ്ങൾക്ക്‌ വേണ്ടി മൈലാഞ്ചി അരച്ച്‌ കാത്തിരിക്കുന്നുണ്ടാകും അവിടെ എത്തിയാൽ പിന്നെ ഞങ്ങൾ തമ്മിലടിയാകും ആദ്യം എനിക്ക്‌ മൈലാഞ്ചിയിടണം അല്ല എനിക്കിടണമെന്ന് പറഞ്ഞ് അവസാനം "അയ്യെ ഈചെക്കനെന്താ, ആങ്കുട്ട്യാള്‌ മൈലാഞ്ചി ഇടൂല പെങ്കുട്ട്യാക്ക മൈ ലഞ്ചി സുന്നത്ത്‌". "ആര്‌ പർഞ്ഞി ആങ്കുട്ട്യാക്ക്‌ കയ്യിന്റടീല്‌ അയ്മ്പത്‌ പൈസമാതിരി ഇടലും സുന്നത്താ" എന്ന ന്യായത്തിൽ ആൺപടക്ക്‌ മുങ്കണന നൽകും.
പള്ളി പിരിഞ്ഞു വന്ന് അപ്പുകുട്ടനെയും രാമേട്ടനെയും വിളിച്ച്‌ കൊണ്ട്‌ വന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ്‌ പടക്കം പൊട്ടിക്കൽ രാമേട്ടന് ഒരു പേടിയുമില്ല അവൻ പടക്കം കയ്യിൽ വച്ച്‌ തീ കൊളുത്തി എറിഞ്ഞ്‌ പൊട്ടിക്കും"

ഇങ്ങനെ മുഹമ്മദിന്റെ പെരുന്നാൾ രാമനും രാമന്റെ വിഷു മുഹമ്മദിനും ആഘോഷമായിരുന്ന ഒരുകാലം നമ്മളിൽ നിന്നന്ന്യം നിന്ന് പോകുന്നു എന്നത്‌ ചിന്തിക്കേണ്ടതില്ലേ? എന്തു കൊണ്ടിങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരുത്തരം നൽകുക എന്നത്‌ അസാധ്യമാണ്‌.ഇങ്ങനെ ക്ഷയിച്ച്‌ കൊണ്ടിരിക്കുന്ന മതസൗഹർദ്ദവും പരസ്പര ധാരണയില്ലായ്മയും മാനവരശിക്ക്‌ നഷ്ടമെല്ലാതെ മറ്റെന്താണ് നേടിത്തരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടേണ്ടിയിരിക്കുന്നു

എവിടെയാണ്‌ നമുക്ക്‌ പിഴച്ചത്‌ ? ഇങ്ങനെ മതസൗഹാർദ്ദം മാത്രമാണോ നമുക്കന്ന്യം നിന്ന് പോകുന്നത്‌ അതൊ കൂട്ട്‌ കുടുമ്പങ്ങളും അയൽവാസിബന്ധങ്ങളും സിംഹവാലൻ കുരങ്ങിനെ പോലെ കാലയവനികയിലേക്ക്‌ മാഞ്ഞു പോകുകയാണോ ?

ഒരു പക്ഷെ നാം നമ്മളിലേക്ക്‌ തന്നെ ചുരുങ്ങി ജീവിക്കാൻ വ്യഗ്രത കാണിക്കുന്നത്‌ കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നു തോന്നിപ്പോകും.സ്വന്തം പ്രശ്നങ്ങളിൽ അല്ലങ്കിൽ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് കൊട്ടാരം സമമായവീടും അതിനു ചുറ്റും ജെയിലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മതിലിന്റെ ഗേറ്റിൽ പട്ടിയുണ്ട്‌ സൂക്ഷിക്കുക എന്ന ഒരു ബോർഡും തൂക്കി അതിനുള്ളിലെ ടിവിക്ക് മുന്നിൽ അടയിരിക്കുന്ന ഒരുസംസ്കാരം നമ്മളിൽ വളർന്നു വരുന്നു എന്നതും നമുക്കിതിനോട്‌ ചേർത്ത്‌ വായിക്കാം

രാവിലെ മദ്രസ വിട്ട്‌ വരുന്നതു വരെ അഹ്മദിനെ കാത്ത്‌ നിന്ന് കൃഷ്ണനും ജോസഫും അഹ്മദുമെല്ലാം തോളോട്‌ തോൾചേർന്ന് പള്ളിക്കൂടത്തിലേക്ക്‌ കാൽനടയായി പോയി ഒരെബെഞ്ചിൽ ഇരുന്ന് പഠിച്ച്‌ ഇണങ്ങിയും പിണങ്ങിയും സുഹൃത്തുക്കളായി വളർന്നപ്പോൾ എന്തുകൊണ്ടൊ അവർ മക്കളെ രാവിലെ തന്നെ ബഹിരകാശ സഞ്ചാരിയെ അനുസ്മരിപ്പിക്കും വിധം ഒരുക്കി തന്റെ സമുദായക്കാരന്റെമക്കൾ മാത്രം പഠിക്കുന്ന,സ്വന്തം സമുദായക്കാർ മത്രം പഠിപ്പിക്കുന്ന നേഴ്സറിയിൽ നിന്നും വരുന്ന ബസ്‌ വീടിന്റെ മുന്നിൽ വരുന്നതുമും കാത്ത്‌ നിൽക്കുന്നവരായിമാറി. ഇങ്ങനെ സ്വാർത്ഥരായ നാം അവസാനം സ്വന്തം അയൽവാസി ആരെന്ന് പോലും അറിയാത്തവരായി മാറി എന്നത്‌ ലജ്ജിപ്പിക്കുന്ന ഒരു സത്യമാണ്‌

ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നങ്ങളിലും 'നാട്ടിലെ കാരണവന്മാർ' തീർപ്പ്‌ അനുസരിച്ചിരുന്നവരിപ്പോൾ ചെറിയ ഒരുകുടുംബ വഴക്ക്പോലും കോടതിയും വക്കീലുമൊക്കെയായി നേട്ടൊട്ടമോടുന്നതിനിടയിൽ ബാധ്യതയായിമാറിയ കാരണവന്മാർ വൃദ്ധസദനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ടു.നമ്മൾ ഒരിക്കലും ചിന്തിക്കുന്നില്ല ഒരുപാടു സ്നേഹം തന്ന് തരാട്ടു പാടി ഉറക്കിയവരെ നമ്മൾ വൃദ്ധസദനത്തിലയക്കുമ്പോൾ എൽ കെ ജി മുതൽ മക്കളിലെ ഡോക്ടറെയും എഞ്ചിനീയറെയും ഒക്കെ കണ്ട്‌ ഒരു മിനുട്ട്‌ നിശ്വസിക്കാൻ പോലും അനുവദിക്കാതെ മണ്ണപ്പം ചുട്ട് തുമ്പപ്പൂ കൊണ്ട് ചോറുവെച്ച് പേരറിയാ ചെടികളുടെ ഇലകൊണ്ട് ഉപ്പേരിയുണ്ടാക്കി കളിച്ചും തരാട്ട്‌ പാട്ട് കേട്ടുറങ്ങുകയും ചെയ്യേണ്ട പ്രായത്തിൽ താങ്ങിയൽ പൊന്താത്ത പുസ്തകകെട്ടു മുതുകിൽവെച്ച്‌ കൊടുത്ത്‌ മക്കളെ പീഠിപ്പിക്കുന്ന നമ്മെ നാളെ അവർ ചവറ്റ്‌ കൊട്ടയിലിട്ടാൽ പോലും നമുക്ക്‌ പരാതിപ്പെടാൻ അർഹതയില്ല .ഈ സമൂഹത്തിൽ ഇടകലർന്ന് പരസ്പരം അറിഞ്ഞ് ജീവിക്കേണ്ട നാളയുടെ വാഗ്ഗ്ദാനങ്ങളായ മക്കളെ കൂട്ടിലിട്ട് ബ്രോയിലർ കോഴികണക്കെ വളർത്തുമ്പൊൾ നാം ഈ സമൂഹത്തിനൊട് ചെയ്യുന്നത്‌ തെറ്റോ ശരിയോ എന്ന് നമുക്ക്‌ ചിന്തിക്കാം

ഇനി ഒരു തിരിച്ച്‌ പോക്ക് സാദ്ധ്യമാണോ?ഒരു തിരിച്ച് പോക്കിനെ കുറിച്ച്‌ ചിന്തിക്കുവാൻ പോലും സ്വതൽപരരായ രാഷ്ട്രീയക്കാരും സ്ഥാനമോഹികളായ മത നേതാക്കളും സമ്മതിക്കുമെന്ന് തോന്നുന്നില്ല.കാരണം കലക്ക വെള്ളത്തിൽ മീൻ പിടിച്ച് ജീവിക്കുന്ന അവരുടെ നില നിൽ‌പ്പിന്റെ പ്രെശ്നമാണല്ലോ ഇത്.

ഏതായാലും നമ്മൾ പണ്ട്‌ ഒന്നിച്ച്‌ ഉണ്ടും ഉറങ്ങിയും സന്തോഷത്തോടെ ജീവിച്ചതൊക്കെ വല്ലിടത്തും എഴുതിവക്കാം വരും തലമുറ ഒരുപക്ഷെ അതൊക്കെ വായിച്ച്‌ ആശ്ചര്യപ്പെടുമായിരിക്കാം

7 comments:

sheriffkottarakara said...

കൂട്ടായ്മ അന്യം നിന്നതിനു കാരണം:സ്വാർത്ഥത. എല്ലാവർക്കും അവനവന്റെ കാര്യം മാത്രം.
തീർച്ചയായും ഈ അവസ്ഥ മാറും; പക്ഷേ കാലം കുറേ കഴിയും...ചരിത്രം അങ്ങിനെ പഠിപ്പിക്കുന്നു.

Malayali Peringode said...

പെരുന്നാള്‍ പിറകാണാന്‍ കാത്തിരുന്നതും പിറകാണാതെ നിരാശരായി വീട്ടിലെത്തുമ്പോള്‍ പള്ളിയില്‍ നിന്ന് തക് ബീര്‍ധ്വനി ഒഴുകിവരുന്നതും മയിലാഞ്ചി മണക്കുന്ന ഇടവഴികളിലൂടെ ഇറച്ചി വാങ്ങാന്‍ പോയതുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിരാവിലെ മുങ്ങിക്കുളിച്ചെത്തുമ്പോള്‍ പെട്ടിയില്‍ നിന്ന് ഉമ്മയെടുത്തുതരുന്ന കോടിയുടുപ്പിന്റെ മണം ഏത് ഫോറിനത്തറിനാണ് തരാന്‍ കഴിയുക?

http://aaltharablogs.blogspot.com/2009/09/eid-mubarak.html

വശംവദൻ said...

“കൂട്ട്‌ കുടുംബങ്ങളും അയൽവാസിബന്ധങ്ങളും സിംഹവാലൻ കുരങ്ങിനെ പോലെ കാലയവനികയിലേക്ക്‌ മാഞ്ഞു പോകുകയാണോ?”

നല്ല എഴുത്ത്. അഭിനന്ദനങ്ങൾ !

ഈദ് മുബാറക്ക്

Areekkodan | അരീക്കോടന്‍ said...

നല്ല എഴുത്ത്.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

പള്ളിക്കുളം.. said...

“ഇങ്ങനെ മുഹമ്മദിന്റെ പെരുന്നാൾ രാമനും രാമന്റെ വിഷു മുഹമ്മദിനും ആഘോഷമായിരുന്ന ഒരുകാലം നമ്മളിൽ നിന്നന്ന്യം നിന്ന് പോകുന്നു “

ഇന്ന് ഒരു സമൂഹം ഇങ്ങനെയൊക്കെ നിർബ്ബന്ധമായും എഴുതിപ്പിടിപ്പിക്കേണ്ട ഗതികേടിലുമാണ്.
മുസ്ലിം സമുദായത്തെ ആരോ ഗൽത്തായ്ക്ക് പിടിച്ചെഴുതിക്കുന്നു പൊയ്പ്പോയ കാലത്തിന്റെ സൌഹാർദ്ദപ്പഴക്കങ്ങൾ.
ഏറ്റവും കുറഞ്ഞത് അങ്ങനെ തോന്നുകയെങ്കിലും ചെയ്യുന്നു.

ഈദ് ആശംസകൾ!!

Unknown said...

ഇന്ന് പെരുന്നാളും എല്ലാവരും മതേതരമായ ഒരു ആഘോഷമായി കൊണ്ടാടുന്നു
ഈദ് മുബാറക്ക്

Aisha Noura /ലുലു said...

ഈദ് മുബാറക് !