Showing posts with label Memory. Show all posts
Showing posts with label Memory. Show all posts

9/17/09

ഒരു പെരുന്നാൾ ചിന്ത

“പെരുന്നാൾ മാസം കണ്ടാൽ പിന്നെ ആളോഹരി അളന്ന് ഫിത്വ്‌ർ സകാത്തിന്റെ അരി സഞ്ചിയിലാക്കുന്ന തിരക്കാകും.അരിനിറച്ച്‌ കഴിഞ്ഞാൽ പിന്നെ അത്‌ അടുത്ത വീടുകളിൽ എത്തിക്കുന്നത്‌ ഞങ്ങൾ കുട്ടികളുടെ ഡ്യൂട്ടിയാണ്‌.അങ്ങനെ കൊണ്ട്കൊടുക്കുമ്പോൾ അവിടെ ന്നൊക്കെ പൂവട പുഴുങ്ങിയതും മറ്റു പലഹാരങ്ങളും ഞങ്ങൾക്ക്‌ സമ്മാനമായികിട്ടുമെങ്കിലും തെക്കേതിലെ തറവാട്ടിലേക്ക്‌ പെരുന്നാളിനു ഫ്രൂട്ട്സും പച്ചക്കറികളും ഒക്കെ നിറച്ച ‘പെരുന്നാൾകൊട്ട’ കൊണ്ടുകൊടുക്കാൻ ഞങ്ങൾക്ക്‌ ഒരു പ്രത്യേക ഉത്സാഹമായിരുന്നു. കാരണം പെരുന്നാൾ മാസം കണ്ടാൽ തെക്കെതിലെ അമ്മിണിചേച്ചിയും കുട്ട്യേടത്തിയുമൊക്കെക്കൂടി ഞങ്ങൾക്ക്‌ വേണ്ടി മൈലാഞ്ചി അരച്ച്‌ കാത്തിരിക്കുന്നുണ്ടാകും അവിടെ എത്തിയാൽ പിന്നെ ഞങ്ങൾ തമ്മിലടിയാകും ആദ്യം എനിക്ക്‌ മൈലാഞ്ചിയിടണം അല്ല എനിക്കിടണമെന്ന് പറഞ്ഞ് അവസാനം "അയ്യെ ഈചെക്കനെന്താ, ആങ്കുട്ട്യാള്‌ മൈലാഞ്ചി ഇടൂല പെങ്കുട്ട്യാക്ക മൈ ലഞ്ചി സുന്നത്ത്‌". "ആര്‌ പർഞ്ഞി ആങ്കുട്ട്യാക്ക്‌ കയ്യിന്റടീല്‌ അയ്മ്പത്‌ പൈസമാതിരി ഇടലും സുന്നത്താ" എന്ന ന്യായത്തിൽ ആൺപടക്ക്‌ മുങ്കണന നൽകും.
പള്ളി പിരിഞ്ഞു വന്ന് അപ്പുകുട്ടനെയും രാമേട്ടനെയും വിളിച്ച്‌ കൊണ്ട്‌ വന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ്‌ പടക്കം പൊട്ടിക്കൽ രാമേട്ടന് ഒരു പേടിയുമില്ല അവൻ പടക്കം കയ്യിൽ വച്ച്‌ തീ കൊളുത്തി എറിഞ്ഞ്‌ പൊട്ടിക്കും"

ഇങ്ങനെ മുഹമ്മദിന്റെ പെരുന്നാൾ രാമനും രാമന്റെ വിഷു മുഹമ്മദിനും ആഘോഷമായിരുന്ന ഒരുകാലം നമ്മളിൽ നിന്നന്ന്യം നിന്ന് പോകുന്നു എന്നത്‌ ചിന്തിക്കേണ്ടതില്ലേ? എന്തു കൊണ്ടിങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരുത്തരം നൽകുക എന്നത്‌ അസാധ്യമാണ്‌.ഇങ്ങനെ ക്ഷയിച്ച്‌ കൊണ്ടിരിക്കുന്ന മതസൗഹർദ്ദവും പരസ്പര ധാരണയില്ലായ്മയും മാനവരശിക്ക്‌ നഷ്ടമെല്ലാതെ മറ്റെന്താണ് നേടിത്തരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടേണ്ടിയിരിക്കുന്നു

എവിടെയാണ്‌ നമുക്ക്‌ പിഴച്ചത്‌ ? ഇങ്ങനെ മതസൗഹാർദ്ദം മാത്രമാണോ നമുക്കന്ന്യം നിന്ന് പോകുന്നത്‌ അതൊ കൂട്ട്‌ കുടുമ്പങ്ങളും അയൽവാസിബന്ധങ്ങളും സിംഹവാലൻ കുരങ്ങിനെ പോലെ കാലയവനികയിലേക്ക്‌ മാഞ്ഞു പോകുകയാണോ ?

ഒരു പക്ഷെ നാം നമ്മളിലേക്ക്‌ തന്നെ ചുരുങ്ങി ജീവിക്കാൻ വ്യഗ്രത കാണിക്കുന്നത്‌ കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നു തോന്നിപ്പോകും.സ്വന്തം പ്രശ്നങ്ങളിൽ അല്ലങ്കിൽ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് കൊട്ടാരം സമമായവീടും അതിനു ചുറ്റും ജെയിലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മതിലിന്റെ ഗേറ്റിൽ പട്ടിയുണ്ട്‌ സൂക്ഷിക്കുക എന്ന ഒരു ബോർഡും തൂക്കി അതിനുള്ളിലെ ടിവിക്ക് മുന്നിൽ അടയിരിക്കുന്ന ഒരുസംസ്കാരം നമ്മളിൽ വളർന്നു വരുന്നു എന്നതും നമുക്കിതിനോട്‌ ചേർത്ത്‌ വായിക്കാം

രാവിലെ മദ്രസ വിട്ട്‌ വരുന്നതു വരെ അഹ്മദിനെ കാത്ത്‌ നിന്ന് കൃഷ്ണനും ജോസഫും അഹ്മദുമെല്ലാം തോളോട്‌ തോൾചേർന്ന് പള്ളിക്കൂടത്തിലേക്ക്‌ കാൽനടയായി പോയി ഒരെബെഞ്ചിൽ ഇരുന്ന് പഠിച്ച്‌ ഇണങ്ങിയും പിണങ്ങിയും സുഹൃത്തുക്കളായി വളർന്നപ്പോൾ എന്തുകൊണ്ടൊ അവർ മക്കളെ രാവിലെ തന്നെ ബഹിരകാശ സഞ്ചാരിയെ അനുസ്മരിപ്പിക്കും വിധം ഒരുക്കി തന്റെ സമുദായക്കാരന്റെമക്കൾ മാത്രം പഠിക്കുന്ന,സ്വന്തം സമുദായക്കാർ മത്രം പഠിപ്പിക്കുന്ന നേഴ്സറിയിൽ നിന്നും വരുന്ന ബസ്‌ വീടിന്റെ മുന്നിൽ വരുന്നതുമും കാത്ത്‌ നിൽക്കുന്നവരായിമാറി. ഇങ്ങനെ സ്വാർത്ഥരായ നാം അവസാനം സ്വന്തം അയൽവാസി ആരെന്ന് പോലും അറിയാത്തവരായി മാറി എന്നത്‌ ലജ്ജിപ്പിക്കുന്ന ഒരു സത്യമാണ്‌

ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നങ്ങളിലും 'നാട്ടിലെ കാരണവന്മാർ' തീർപ്പ്‌ അനുസരിച്ചിരുന്നവരിപ്പോൾ ചെറിയ ഒരുകുടുംബ വഴക്ക്പോലും കോടതിയും വക്കീലുമൊക്കെയായി നേട്ടൊട്ടമോടുന്നതിനിടയിൽ ബാധ്യതയായിമാറിയ കാരണവന്മാർ വൃദ്ധസദനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ടു.നമ്മൾ ഒരിക്കലും ചിന്തിക്കുന്നില്ല ഒരുപാടു സ്നേഹം തന്ന് തരാട്ടു പാടി ഉറക്കിയവരെ നമ്മൾ വൃദ്ധസദനത്തിലയക്കുമ്പോൾ എൽ കെ ജി മുതൽ മക്കളിലെ ഡോക്ടറെയും എഞ്ചിനീയറെയും ഒക്കെ കണ്ട്‌ ഒരു മിനുട്ട്‌ നിശ്വസിക്കാൻ പോലും അനുവദിക്കാതെ മണ്ണപ്പം ചുട്ട് തുമ്പപ്പൂ കൊണ്ട് ചോറുവെച്ച് പേരറിയാ ചെടികളുടെ ഇലകൊണ്ട് ഉപ്പേരിയുണ്ടാക്കി കളിച്ചും തരാട്ട്‌ പാട്ട് കേട്ടുറങ്ങുകയും ചെയ്യേണ്ട പ്രായത്തിൽ താങ്ങിയൽ പൊന്താത്ത പുസ്തകകെട്ടു മുതുകിൽവെച്ച്‌ കൊടുത്ത്‌ മക്കളെ പീഠിപ്പിക്കുന്ന നമ്മെ നാളെ അവർ ചവറ്റ്‌ കൊട്ടയിലിട്ടാൽ പോലും നമുക്ക്‌ പരാതിപ്പെടാൻ അർഹതയില്ല .ഈ സമൂഹത്തിൽ ഇടകലർന്ന് പരസ്പരം അറിഞ്ഞ് ജീവിക്കേണ്ട നാളയുടെ വാഗ്ഗ്ദാനങ്ങളായ മക്കളെ കൂട്ടിലിട്ട് ബ്രോയിലർ കോഴികണക്കെ വളർത്തുമ്പൊൾ നാം ഈ സമൂഹത്തിനൊട് ചെയ്യുന്നത്‌ തെറ്റോ ശരിയോ എന്ന് നമുക്ക്‌ ചിന്തിക്കാം

ഇനി ഒരു തിരിച്ച്‌ പോക്ക് സാദ്ധ്യമാണോ?ഒരു തിരിച്ച് പോക്കിനെ കുറിച്ച്‌ ചിന്തിക്കുവാൻ പോലും സ്വതൽപരരായ രാഷ്ട്രീയക്കാരും സ്ഥാനമോഹികളായ മത നേതാക്കളും സമ്മതിക്കുമെന്ന് തോന്നുന്നില്ല.കാരണം കലക്ക വെള്ളത്തിൽ മീൻ പിടിച്ച് ജീവിക്കുന്ന അവരുടെ നില നിൽ‌പ്പിന്റെ പ്രെശ്നമാണല്ലോ ഇത്.

ഏതായാലും നമ്മൾ പണ്ട്‌ ഒന്നിച്ച്‌ ഉണ്ടും ഉറങ്ങിയും സന്തോഷത്തോടെ ജീവിച്ചതൊക്കെ വല്ലിടത്തും എഴുതിവക്കാം വരും തലമുറ ഒരുപക്ഷെ അതൊക്കെ വായിച്ച്‌ ആശ്ചര്യപ്പെടുമായിരിക്കാം

8/31/09

ഓണക്കാലം അന്നും ഇന്നും


അന്ന്
പാടത്തും പറമ്പിലും ഓടിച്ചാടി നടന്ന് കഴുത്തിൽ തൂക്കിയിട്ട ഓലക്കൂടയിൽ നിറയെ പൂ പറിച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്ത്‌ പൂക്കളമിട്ട്‌ വീടിന്റെ കോലായിൽ വിശ്രമിക്കുന്ന ഉണ്ണിക്കുട്ടൻ തെളിഞ്ഞ വൈലത്ത്‌ പാറിക്കളിച്ച്‌ ബുഷ്‌ ചെടിയിൽ വന്നിരിന്ന തുമ്പിയെ പിടിച്ച്‌ വാലിൽ നൂലുകെട്ടി അതിനെ കൊണ്ട്‌ കല്ലെടുപ്പിക്കുന്നത്‌ കണ്ട്‌ മുത്തശ്ശി പറഞ്ഞു
"ഉണ്ണിക്കുട്ടാ തുമ്പിയെ ഈങ്ങനെ ഉപദ്രവിച്ചാൽ അടുത്ത ജന്മം നീതുപിയായി ജനിക്കും അപ്പൊ ഈ തുമ്പി ഒരു കുട്ടിയായി ജനിച്ച്‌ നിന്നെയും ഇങ്ങനെ ഉപദ്രവിക്കും"
അത്‌ പ്രശ്നമില്ല മുത്തശ്ശി കഴിഞ്ഞ ജന്മം ഞാൻ തുമ്പിയായിജനിച്ചപ്പൊ ഈ തുമ്പി കുട്ടിയായിരുന്നു അന്നു എന്നെ ചൈതതിന്‌ പകരം വീട്ടുകയാ ഞാൻ
ഇന്ന്
ഷാപ്പിലും ബീവെറേജിലും ഓടിച്ചാടി നടന്ന് അരയിൽ കരുതിയ പ്ലാസ്റ്റിക്‌ കവറിൽ കുപ്പി നിറച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്തിരുന്ന് വെള്ളമടിച്ച്‌ വീടിന്റെ കോലായിൽ പാംബായി കിടക്കുന്ന ഉണ്ണികുട്ടൻ മുഖത്ത്‌ വന്നിരിക്കുന്ന ഈച്ചയെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത്‌ കണ്ടതായിഭാവിക്കാതെ മുത്തശ്ശി ഡൈനിഗ്‌ ഹാളിലെ ടിവിയിൽ ചാനൽക്കാരുടെ ഓണപ്പരിപാടികാണനിരിന്നു

7/9/09

എന്റെ പ്രണയിനിക്ക്‌ സ്നേഹപൂർവ്വം

കോളെജ്‌ ജീവിതത്തില്‍ സൌരഭ്യത്തിണ്റ്റെ നനുത്ത കാറ്റായ്‌ നീ എന്നിലേക്കു വീശിയത്‌ ഒരു പക്ഷെ അന്നായിരിക്കാം...............

ഇളം പച്ച ഉടുപ്പിട്ട്‌ തിളങ്ങുന്ന കണ്ണുകളുമായി നീ കടന്നു വരുമ്പോൾ ഇളം തെന്നലിൽ നെറ്റി തടത്തിലേക്ക്‌ വീണു കിടന്ന മുടിയിഴകളെ ഒതുക്കി വെക്കുന്ന നിൻ കൈകളിലൊരു കരിവള പോലുമില്ലയിരുന്നു...........

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നു മിണ്ടാൻ വെമ്പുന്ന മനസ്സുമായി പലതവണ നിന്നരികിൽ ഞാൻ വന്നങ്കിലും വരണ്ട തൊണ്ടയും പിടക്കുന്ന മനസ്സുമായി നോക്കിനിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു
മുഖത്തേക്ക്‌ പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി കൂട്ടുകാരികൾക്കിടയിൽ ഒതുങ്ങിയിരിക്കുന്ന നിന്നെ പിന്നീട്‌ കണ്ടപ്പൊഴൊക്കെ ഒരു വിഷാദം മുഖത്ത്‌ നിഴലിച്ചിരുന്നോ…………

ഓരോ തവണ നിൻ വഴികളിൽ മനപ്പൂർവ്വം വന്നു പെടാൻ ഞാൻ ശ്രമിച്ചപ്പോഴും നീ എന്നെ ശ്രദ്ദിക്കുന്നത്‌ ഞാൻ ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു
എന്നും കാണുന്ന ഗോവണിപ്പടികൾക്കരികിൽ നിന്ന് ഞാൻ മനപ്പൂർവ്വം മാറി നിന്നപ്പോഴൊക്കെ നിൻ കണ്ണുകൾ എന്നെ തിരയുന്നത്‌ ഞാനറിഞ്ഞിരുന്നു

നിന്റെ സമീപ്യം എന്നിലും എന്റെ സമീപ്യം നിന്നിലും ഹൃദയമിടിപ്പിന്റെ വേകത കൂട്ടിയിരുന്നില്ലേ

.................കണ്ടും കാണാതെയും കൊഴിഞ്ഞു പോയ ദിനങ്ങളിലെപ്പെഴൊ നമ്മൾ പരിചയപ്പെട്ടതും മിണ്ടിയും മിണ്ടാതെയും ആ സൗഹൃദം വളർന്നതും എല്ലാം നീ എപ്പോഴും പഴിച്ചിരുന്ന വിധിയായിരുന്നോ.........

.......... ജീവിതത്തിന്റെ കൈപ്പും മധുരവും പരസ്പരം പങ്കുവെച്ചപ്പോൾ നമ്മൾ ഒരേ വഴിയിലെ യത്രക്കാരായത്‌ യാദ്ശ്ചികം മാത്രം.................

ക്യാമ്പസ്‌ ശൈശവ കാലം പിന്നിട്ട്‌ വിരഹത്തിന്റെ ചൂടേറിയ മാർച്ചിലേക്ക്‌ കടക്കുന്ന ഒരു വൈകുന്നേരം
..............”അച്ചന്റെ ശംബളം നിത്യരോഗിയായ അമ്മയുടെ മരുന്നിനും എന്റെ ഫീസിനും മറ്റ്‌ വീട്ടു കാര്യങ്ങൾക്കും തന്നെ തികയില്ല പിന്നെയാ ഇനി ഓട്ടോഗ്രാഫ്‌ നിനക്കുപറ്റുമെങ്കിൽ ഇതിൽ വല്ലതുമെഴുതിക്കൊ” എന്നു പറഞ്ഞു നീ നിൻ വളയിടാത്ത കൈകളിൽനീട്ടിപ്പിടിച്ച ഈ പേജുകളിളകിത്തുടങ്ങിയ നിൻ നോട്ട്‌ ബുക്കില്‌ എന്തെഴുതും എന്നറിയാതെ ഞാൻ നിന്റെ മിഴികളിലേക്ക്‌ നോക്കി നിന്നപ്പോൾ പെയ്ത്‌ തീർന്ന മഴയുടെ ബാക്കിയായ്‌ ഇലത്തുംബിൽ ഉറ്റാൻ മടിച്ച്‌ നിൽക്കുന്ന മഴത്തുള്ളി പോലെ തുളുംബി നിൽക്കുന്ന നിൻ കണ്ണുകൾ………...

“ജീവിതത്തിൽ നന്മകൾ മാത്രമുണ്ടാകട്ടെ” എന്നെഴുതി നോട്ട്‌ ബുക്ക്‌ തിരിച്ച്‌ നൽകുമ്പോൾ ഞാൻ നിനക്കു വേണ്ടി ആദ്യമായ്‌ എഴുതിയതെന്താണെന്നറിയാനുള്ള ആകാംശ നിറഞ്ഞ നിൻ കണ്ണിലെ നീർത്തുള്ളി സപ്തവർണ്ണങ്ങളിൽ തിളങ്ങിറ്റിയിരുന്നത്‌ നീ അറിഞ്ഞിരുന്നോ.......
ഇനിയെന്നു കാണും, അല്ലങ്കില്‍ ഇനി കാണണൊ എന്നു ഞാന്‍ ചോദിച്ചപ്പോള്‍
ഉത്തരമായി നീണ്ടു നിന്ന മൗനം.. പിന്നീടതൊരു തേങ്ങലായി മാറിയോ...........................................

നനഞ്ഞ കണ്ണുമായ്‌ നിൽകുന്ന നിന്നൊടെന്തു പറയണമെന്നറിയാതെ നിന്‍ കണ്ണുകളിൽ ഞാന്‍ നോക്കിയിരിക്കെ നീ എന്തൊ പറയാൻ തുടങ്ങിയപ്പോൾ മനം മടുപ്പിക്കുന്ന ഭീകരനായി ബെല്‍ മുഴങ്ങിയതും എന്നെ ആരോ വന്നു നിന്നെ വിളിച്ചതും നീ പറഞ്ഞ ആ വിധിയുടെ വിളയട്ടമായിരിക്കുമല്ലെ......

……വല്ലപ്പോഴുമുണ്ടായിരുന്ന ടെലിഫോണ്‍ ബന്ധം ഇടയില്‍ മുറിഞ്ഞുപോയതും നമ്മുടെ സൌഹൃദം പതിയെ പതിയെ മാഞ്ഞുപോയതും വിധിയുടെ കളികള്‍ ആയിരുന്നിരിക്കാം…… അല്ലങ്കിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാൻ വേണ്ടി നെട്ടോട്ടമോടി പ്രവാസിയായതിനിടക്ക്‌ കാലം മായ്ച്ചതായിരിക്കാം.......

വേനലിന്റെ കൊടും ചൂടിൽ തളരിലകൾ വാടിയും ആശ്വാസമായ്‌ പെയ്ത പേമാരിയിൽ തളിർത്തും കാലങ്ങളെത്രയോ നിന്നെയോർക്കാതെ,അറിയാതെ കടന്നുപോയങ്കിലും ചരമകോളത്തിലെ നിന്റെ ചിത്രത്തിലെ കണ്ണുകളിൽ ആ പഴയ തിളക്കമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു..........

ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ ലേബർ ക്യാംബിലെ സിമന്റ്‌ ബെഞ്ചിൽ മലർന്ന് കിടക്കുമ്പൊൾ.. ആകാശം മുഴുവൻപ്രഭ ചൊരിഞ്ഞുനിൽക്കുന്ന ചന്ദ്രബിംബത്തിനകലെയായ്‌.. ആകാശത്തിന്റെ കോണിൽ എന്നെ നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രത്തിന്‌ നിന്റെ കണ്ണുകളുടെ അതേ തിളക്കമായ്‌ എനിക്ക്‌ തോന്നിയതൊ അതൊ എല്ലാം മടുത്ത്‌ ഒരു തീപ്പെട്ടികംബിലെ തീ നാളത്തിൽ നീ സ്വയം ലയിച്ചപ്പോൾ ഉയർന്ന പുകച്ചുരുളിലേറി നിൻ ആത്മാവും നക്ഷത്ര ലോകത്തേക്ക്‌ ചേക്കേറിയിരുന്നോ .......


സ്മർപ്പണം:കാമുകിയുടെ മരണ വാർത്ത പത്രകോ ളത്തിലൂടെ അറിഞ്ഞ്‌ പരിസരം മറന്നു പൊട്ടി കരഞ്ഞ എന്റെ സുഹൃത്തിനു