3/8/10

കറിവേപ്പില

എന്റെ പ്രിയ സുഹൃത്ത് അബു വായിച്ചറിയുവാൻ ജമാൽ എഴുത്ത്

എന്നെ നിനക്കോർമ്മയുണ്ടാകും എന്ന് കരുതുന്നു. നാലഞ്ചു കൊല്ലം ഒരു മുറിയിൽ ഒന്നിച്ച് കഴിഞ്ഞ എന്നെ നീ മറന്നിട്ടുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെപത്തൊൻപത് വർഷത്തെ പ്രവാസ ജീവിത സമ്പാദ്യമായ പ്രെഷെറും ഷുഗറും കൊളസ്ട്രോളും നടുവേദനയും എല്ലാം എന്നിൽ കുമിഞ്ഞു കൂടിയപ്പോൾ “ഒരുപാട് കാലമായില്ലെ ജമാലിക്ക ഇനിയും ഇങ്ങനെ കഷ്ടപ്പെടണോ നിർത്തി നാട്ടിൽ പോയി വിശ്രമിക്ക്” എന്ന് സ്നേഹത്തോടെ എന്നെ ഉപദേശിച്ച് നീ എന്നെ നാട്ടിലേക്ക് യാത്രയാക്കിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷം കഴിയുന്നു

നിനക്കവിടെ സുഖമാണോ എന്നു ചോദിക്കുന്നതിൽ അർഥമില്ലല്ലോ.കുടുമ്പത്തിന്റെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് സ്വന്തം വീടിനും നാടിനും വേണ്ടി നാടുവിട്ട് ക്ലോക്കിലെ തിരിയുന്ന സൂചിപോലെ ആവർത്തിച്ച് വരുന്ന ദിനരാത്രങ്ങൾതള്ളിനീക്കി മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ നാട്ടിലേക്ക് ലീവിന് പോകുന്ന ദിവസം കാത്തിരിക്കുന്ന ഒരു പ്രവാസിയോട് സുഖമല്ലെ എന്ന് ചോദിക്കുന്നതിലുള്ള അനൌചിത്യം എനിക്ക് മനസ്സിലാകും .ഇതൊക്കെ അറിഞ്ഞിട്ടും നിന്നെബുദ്ദിമുട്ടിക്കുന്നതിൽ വിഷമമുണ്ട്,പക്ഷെ എന്തു ചെയ്യാം ഞാനത്രക്കും നിസ്സഹായനാണിപ്പോൾ

ഞാനന്ന് നാട്ടിലേക്ക് പോന്നത് എന്റെ വിഢിത്തമായിപ്പോയി എന്ന ഒരു തോന്നൽ

എന്റെ ജീവിത്തിന്റെ സിംഹഭാകവും ചിലവഴിച്ച് ഞാൻ എനിക്കായിതീർത്ത കോൺക്രീറ്റ് വനത്തിൽ ഞാനേകനാണിപ്പോൾ. കറവ വറ്റി എന്ന് തിരിച്ചറിഞ്ഞപ്പോൾ അടുത്ത്കൂടിയ എല്ലാവരുമകന്നു . അവസാനമായി എനിക്ക് വന്ന കത്ത് ഞാൻ പൊട്ടിച്ച് വായിക്കതെയാണ് ഞാൻ അന്ന് അവിടം വിട്ടത് എന്ന് നീ ഓർക്കുന്നുണ്ടാവുമല്ലോ അതെന്റെ വലിയതെറ്റായിരുന്നു.അതിലെന്റെ പെങ്ങൾ അളിയനൊരു വിസക്കായി എഴുതിയിരുന്നു .

ആദ്യമായി ആങ്ങളയോടോരുകാര്യം പറഞ്ഞിട്ട് ചെയ്യാതെ സ്വന്തം “സുഖം” മാത്രം നോക്കിയ ‘സ്വാർഥനായ’ ആങ്ങളെയെ പെങ്ങൾ കയ്യൊഴിഞ്ഞു. അനുജന്റെ മകളുടെ കല്യാണത്തിന് അവൻ എഴുതിയ പോലെ രണ്ട് ലക്ഷം കൊടുക്കാതെ കംബനിയിൽ നിന്ന് പിരിഞ്ഞുപോരുമ്പോൾ കിട്ടിയ പൈസമുഴുവൻ ഹാർട്ട് വാൾവിലെ നാലഞ്ച് മേജെർബ്ലോക്ക് തീർക്കാൻ ആൻജിയോപ്ലാസ്റ്റി എന്നും പറഞ്ഞുഹോസ്പിറ്റലിൽ ചിലവാക്കിയ “ദൂർത്തനായ” ജ്യേഷ്ഠനോട് അനിയനും അകന്നു . മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി മകനോട് കടമതീർക്കാത്ത “ഉത്തരവാദിത്തമില്ലാത്തവനായ” ബാപ്പയെ ഭാര്യയും മകനും വെറുത്തു അവരും അകന്നു.ഒറ്റപ്പെടുത്തി .കൂട്ടുകുടുമ്പത്തിന്റെ മുന്പിൽ ഇത്രയെല്ലാം ചൈത ഒരപരാധിയായി.പിരിവിനായ് വന്നവർക്ക് അവരുദ്യേശിച്ചപോലെ കിട്ടാതെ വന്നപ്പൊൾ നാട്ടുകാർക്കും വേണ്ടാതെയായി. ഒരു കറിവേപ്പില കളയുന്ന ലാഘവത്തോടെ അവെരെന്നെ ഹൃദയത്തിൽ നിന്ന് പറിച്ച് മാറ്റി.

ഈ വെറുപ്പും അകൽചയും ഒറ്റപ്പെടുത്തലുകൾക്കിടയിൽ എന്റെ രോഗവും കൂടി എന്നെ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാമങ്ങവസ്സാനിപ്പിക്കാമെന്ന് കരുതി.ആത്മഹത്യ ദൈവേച്ചക്ക് നിരക്കാത്ത പാപമാണെന്ന് ചെറുപ്പത്തിൽ ഉസ്താദ് പഠിപ്പിച്ചതോർത്തപ്പോഴതിൽ നിന്നു പിന്മാറി പിന്നെ ഒരുപാടാലോചിച്ചപ്പോൾ എനിക്ക് തോന്നി ഇവിടെ ജീവിക്കുന്നതിലും നല്ലത് തിരിച്ച് അങ്ങോട്ട് തന്നെ വരലായിരിക്കുമെന്ന് അതിനാൽ നിനക്ക് ബുദ്ധിമുട്ടാവില്ലങ്കിൽ നീ നമ്മുടെ അറബാബിനെ കണ്ട് എന്റെ കാര്യം പറയണം,ഈ പ്രായത്തിൽ ഈ രോഗിയായ ഞാൻ ഇനി എന്തു ജോലിചെയ്യുമെന്നാകും ഇപ്പോൾ നീ ആലോചിക്കുന്നത് വല്ല സെക്യൂരിറ്റിആയൊ അതെല്ലാ വല്ലക്ലീനിങ്ങ് ലാബെർ ആയൊ ഞാനൊതുങ്ങിക്കൂടാം

മാസം മുന്നൂറു ദിറ്ഹംസ് എന്റെ മരുന്നിനു തികയില്ലെങ്കിലും ഈ ഒറ്റപ്പെടലിന്റെ വീർപ്പു മുട്ടലിൽ നിന്നും രക്ഷപ്പെട്ട് എനിക്ക് സ്വപ്നം കാണാമല്ലോ ,എന്റെ നാടിനെക്കുറിച്ച്,എന്റെ വീടിനെക്കുറിച്ച് ,ഞാൻ നട്ടു നനച്ച് വളർത്തിയ എന്റെകുടുമ്പത്തെക്കുറിച്ച് ……...

ഒരുപാട് പറഞ്ഞു .ഇതു വായിക്കാനും മറുപടിഎഴുതാനും ആകെ ഉറങ്ങാൻ കിട്ടുന്ന നാലഞ്ച് മണിക്കൂറ് നീ ചിലവാക്കേണ്ടിവരുമെന്നും അത് നിന്നെ ബുദ്ദിമുട്ടിക്കാലാണെന്നുമെനിക്കറിയാം എങ്കിലും മറുപടിപ്രതീക്ഷിക്കുന്നു .ഇതല്ലാതെ ഇനി ഒന്നും പ്രതീക്ഷയില്ലാത്തവന്റെ അവസാന പ്രതീക്ഷ
സ്വന്തംജമാൽ