2/27/11

എല്ലാം ശാന്തമയം

ലീലാമ്മച്ചേടത്തീടെ അയ്യോ ന്റച്ചോ എന്ന ചീറൽ ആ കള്ളപ്പന്നീടെമോനെ കൊണ്ട്‌ കുട്ങ്ങ്യല്ലാ കൃഷ്ണാ എന്ന ടോണിലേക്ക്‌ മാറിയപ്പോഴാണ്‌....
എട്ട് മണിയായിട്ടും പോസ്റ്റാഫീസില് കയ്യും തിരുകി കിടക്കുന്ന രാഖവേട്ടന്‍...
എങ്കില്‍ പിന്നെ എണീറ്റ്പോയി നോക്കാം എന്ന് തീരുമാനിച്ചത്‌.

നേരം വെളുക്കുന്നതിനുമുന്നത്തന്നെ ചീറല് കേട്ടപ്പോള്‍,പശൂനെ കെട്ടാന്‍ പോണ വഴി അവളെ വല്ല പട്ടിയും ഓടിച്ചിട്ട് കടിച്ചു കാണുമെന്നാണ്‌ രാഖവേട്ടന്‍ കരുതീത്‌.

അവളടെ കയ്യിലിരിപ്പ്‌ വച്ച്‌ ശ്യൂന്യാകാശത്തേക്ക് പണ്ട് കേറ്റി വിട്ട പട്ടി റോക്കറ്റ് പിടിച്ച് വന്ന് കടിച്ചിട്ട്‌ പോകും...അത്ര നല്ല നാവല്ലെ വായീലുള്ളത്...

പട്ടിയുടെ ഒരാഗ്രഹമല്ലെ ....പാവം രണ്ട്‌ മൂന്ന് കടി കൂടുതല്‍ കടിച്ചോട്ടെ എന്നും കരുതിയാണ്‌ ആദ്യത്തെ അയ്യോ അച്ചാ വിളി രാഖവേട്ടന്‍ മൈയിന്ഡ്ന‌ ചെയ്യാതിരുന്നത്‌.
പക്ഷേ ചീറലിനിടയിലെ ചെല്ലിപ്പറയലിന്റെ ടോണ് മാറിയപ്പോ ഇത്‌ കേസ്‌ പട്ടിയല്ലാ എന്ന് തോന്നി പുറത്തേക്ക് വരാൻ എണീറ്റ രാഘവെട്ടൻ ഞെട്ടി!!

അലമാറക്കുള്ളിൽ ഒരാൾ!! അതും ജനിച്ചപടി!!!

രാഖവേട്ടന്റെ ഉള്ളിൽ ഒരുവേള്ളിടി വെട്ടി!!!!

ആരാണ്ട്ര രാവിലെ തന്നെ അലമാറന്റെ ഉള്ളില് എന്ന സംശയത്തിൽ കണ്ണു തിരുമ്മി നോക്കിയ രാഖവേട്ടൻ വീണ്ടാമതും ഞെട്ടി!!!!

അലമാറയിലെ ആൾക്ക് തന്റെ അതേ കണ്ണുകൾ!! അതേ മൂക്ക് !!അതേ ചുണ്ട്!! അതേ മുഖം ഒന്നുകൂടി സൂക്ഷിച്ച്നോക്കിയപ്പോഴാണ് അലമാറേടെ കണ്ണാടീല് തന്റെ രൂപം കണ്ടതാണെന്ന് രാഖവേട്ടന് മനസ്സിലായത്.

രാഖവേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ഉറക്കം നഷ്ടപെട്ടിട്ട് വർഷങ്ങളായിരുന്നു

സർക്കാരു വക മിൽട്രി കോട്ടക്ക് പുറമേ പാറ്റഗുളികയും ബാറ്റെറി,എലി,പല്ലി,ഈച്ച തുടങ്ങിയ ഐറ്റംസ് ഇട്ട് വാറ്റിയ ഷാപ്പിലെ നല്ല നാടൻ കള്ളും കുടിച്ചോണ്ട് വീട്ടിൽ വന്നാൽ പിന്നെ ലീലാമ്മയുടെ മുടി ഒറിജിനലാണോ എന്ന സംശയം തീർക്കാൻ ഒന്ന പിടിച്ച് വലിച്ച് നോക്കും അപ്പൊ ലീലാമ്മ വീട്ടിലെ ചെമ്മട്ടി ഒറിജിനലാണോ എന്ന് രാഖവേട്ടന്റെ മുതുകത്ത് വെച്ച് പരിശോധിക്കും അതോടെ രാഖവേട്ടന്റെ ബോധം പോകും ,ഉറങ്ങുന്നതിനു മുന്പ് ബോധം പോകുന്നത് രാഖവേട്ടന്റെ കുറ്റമല്ലല്ലോ

രാമന്റെ വാറ്റിന് പവറ്കൂടിയതാണോ അതോ അമ്മിണിയുടെ ആരോഗ്യം കൂടിയതാണോ തന്റെ കാഴ്ച്ക്കുറവിന്റെ കാരണം എന്ന് ചിന്തിച്ച് അഴിഞ്ഞു പോയ ലുങ്കിക്ക് പകരം കയ്യിൽ കിട്ടിയത് പുതച്ചിരുന്ന പുതപ്പാണ് അതെങ്കിലത് എന്ന് കരുതി പുതപ്പും വലിച്ചുടുത്ത് വീടിന്റെ പുറകുവശത്തേക്ക്‌ എഴുന്നെള്ളി.

എന്താടീ രാവിലെ തന്നെ മൈക്ക് കണ്ട രാഷ്ട്രീയക്കാരന്റെ മാതിരി കെടന്ന് ചീറ്ണ്.. പണ്ടാറടങ്ങാനായിട്ട് മനുഷ്യന്റെ ഒറക്കോം കളഞ്ഞ് ..

ഹും മൂട്ടില് വെയ്ലടിക്ക്ണവെരെ കെടന്നൊറ്ങ്ങിക്കാ..

ആ കഴ്വേറീടെ മോന് ഞാൻ ന്റെ മോൾക്ക് കാതിലെന്തെങ്കിലും പൊന്നിന്റെ തരി വേങ്ങിടണംന്നും വിജാര്ച്ച് ഇട്ത്ത് വെച്ച പൈസേം ക്ട്ട്ങ്ങാണ്ട് ഷാപ്പിലെ പറ്റ് തീർക്കാൻ പൊയ്ക്ക്ണ്

ആര് സതീശനാ....

പിന്നല്ലാതെ ഇങ്ങക്ക് വേറേ മോന്ണ്ടാ ..

ഇനിക്ക് ആമക്കളൊറ്റന്നില്യല്ലാ..യ്യ് തുന്നല് പഠിക്കാൻ പൊയവകേല് തുന്നക്കാരൻ വേലയ്ധൻ പണി പറ്റിച്ചപ്പോ അന്റെ തന്ത കഞ്ഞി കുഞ്ഞിക്കണ്ണൻ എന്റെ പെരഡീല് വെച്ച് താങ്ങ്യേതല്ലേ ...ചെറ്റ ചത്തും പോയി. അല്ലെങ്കി ഞാനിപ്പചെന്ന് ചോയ്ചേനെ...

ഹും തന്നെ .. മൻഷ്യാ…രാവിൽതന്നെ തെക്കോട്ട്ട്ത്ത ഇന്റച്ചന്റെ നെഞ്ഞത്ത്ക്ക് കേറാതെ ആ പന്നിനെ ഒന്ന് പോയ് നോക്ക്

അല്ല അവന്തെന്നെ എട്ത്ത്ക്ക്ണ്ന്ന് അനക്കൊറപ്പ്ണ്ടാ..

ഇനിക്കൊറപ്പാ ...

ഇന്നലെ ഗോപാലേട്ടന്റെ പീടീല് പാലുകൊട്ത്ത പൈസകിട്ട്യേതും കൂടി കൂട്ടി സുകൂന്റെ ജെല്ലറീന്ന് ന്തെങ്കിലും പൊന്ന്ന്തരി വാങ്ങാൻ തെകയോന്ന് എണ്ണിനോക്ക്ണെ കണ്ടപ്പോ ആ കാലമാടൻ ഇന്നോട് പൈസ ചോദിച്ച് ..

കെട്ടിക്കാൻ പ്രായായിവെരണ ഒര് പെണ്ണ് ഈ പെരീല്ണ്ടന്ന് നിനക്കും തന്തക്കും ഒരു ചിന്തല്ല്യല്ല് . പെൻഷന്നും പറഞ്ഞ് സർക്കാര് കൊട്ക്ക്ണേന്നൊരുർപ്യ പോലും ഇവിടെതരൂലല്ലാ അന്റെ തന്ത .പശൂനെ കറന്നും ആരാന്റെ പെരന്റെ മുറ്റട്ച്യേര്യും കണ്ണ്ക്കണ്ടോൻ തിന്ന എച്ചിപ്പാത്രം കൈക്യൊക്കെ ഞാന്ണ്ടാക്യ പൈസേണ് ഇതീന്ന് ഒരു ചില്ലിപൈസ ഞാൻ തെരൂലന്ന് പറഞ്ഞ്

ഇങ്ങൾ തരണ്ടാ ഞാനെട്ത്തോണ്ട്ന്നും പറഞ്ഞ് ഓൻ മുറീന്ന് എറങ്ങിപ്പോയി. ഞാന് ആ കാലമാടൻ കാണാണ്ട് പൈസ അരിച്ചാക്കില് പൂത്തിവെക്കണത് വെക്ക്ണത് ഓൻ ഒളിച്ച്ന്ന് നോക്ക്ണത് ശാന്ത മോള് കണ്ട്ന്ന് പറ്ഞ്ഞ്...

ന്ന്ട്ട് ശാന്ത എവ്ടേ
ഓൾ കോളേജി പോയി.. അതല്ലാ...ഇതൊക്കെ കേട്ടീട്ട് നിങ്ങളെന്താ മൻഷ്യാ കുന്തം വിഴ്ങ്ങ്യമാതിരി നിക്ക്ണ് ഒന്ന് പോയിനോക്ക്

ഹാ ഞാനൊന്ന് പല്ല് തേച്ച് മുഖംകഴ്കട്ട്

വേണ്ട ഇങ്ങളെന്തിനാ പല്ല് തേച്ച് മുഖംകഴ്കല് മാത്രാക്ക്ണ് വിസ്തെരിച്ച് ഒന്ന് കുളിച്ചിട്ട് പൌഡറൊക്കെ ഇട്ട് അത്തരും പൂശി പോയാമതി

അങ്ങനെ പോകാൻ അന്റെ കെട്ട്യോൻ ചത്തോട്ത്ത്ക്ക് പോകാനൊർങ്ങ്ല്ലല്ലോ

ഹൊ വെർതെനെ കൊതിപ്പിക്കല്ലെ മൻഷ്യാ ..നിങ്ങൾ ചത്താൽ ആദിവസം ഞാന് പട്ട്സര്യൊട്ത്ത് മുല്ലപ്പൂവും ചൂടി ശിങ്കാരി മേളം കളിക്കും

അങ്ങനെ ചെയ്താൽ ഞാൻ ചത്ത് കെടക്ക്ണോട്ത്ത്ന്ന് നീച്ച് വന്ന് നിന്റെ നടുമുള്ള് ചവുട്ടി മുറിച്ചിട്ട് പിന്നിം അവടത്തെന്നെ പോയി ചത്ത്കെടക്കും ഹാ..

ള്ളനേരം ന്റെ പെരടീകേറാതെ ആ ചെക്കൻ പൈസ് തീർക്ക്ണേനും മുന്നെ ഷാപ്പിലൊന്ന് പോയ് നോക്ക്

ഷാപ്പിലേക്ക് പോക്ക് രാഖവേട്ടന് ഒരു പുതുമയല്ല

ഷാപ്പിലേക്ക് പോയാ അധികവും പിറ്റേ ദിവസ്ം ഷാപ്പ് തൊറക്ക്ണത് രാഖവേട്ടനായിരിക്കും
- അകത്ത് നിന്ന് ,

കാരണം അത്യാവശ്യം ഫോമിലായാ പിന്നെ കുടുമ്മത്തിൽ എത്തെണം എന്ന ഒരു ചിന്ത വരും എണിറ്റ് നിൽക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ട് ഭൂമിമാതാവിനെ ചുമ്പിച്ച് നമസ്കരിക്കും പിന്നെ രണ്ടാമതും മൂന്നാമതും ഉള്ള ശ്രമം പരാജപ്പെടുമ്പോൾ പിന്നെ ഞാൻ കുടുമ്മത്തി പോയിട്ട് എന്തിനാ ലീലാമ്മേടെ കൈക്ക് പണിയാക്ക്ണ് എന്ന ഒരനുനയത്തിലെത്തി അവിടെ തന്നെ കിടക്കും

ഇതറിയുന്ന ലീലാമ്മച്ചേടത്തി മുന്നറിയിപ്പ് കൊടുത്തു

പിന്നെ…. ഷാപ്പിലില്ല്യാന്നും പറഞ്ഞ അവടത്തന്നെ കുടിയിരിത്തണ്ട ആ പനങ്കുരു കളിക്ക്ണോട്ത്ത് ഒന്ന് പോയ് നോക്കണം

അകത്ത് പോയി മുഖം കഴുകി, ഉടുത്തിരുന്ന പുതപ്പ് മാറ്റി ഒരു മുണ്ടും ഷർട്ടും എടുത്ത് ഒരു ബീഡിയും കത്തിച്ച് രാഖവേട്ടൻ നേരെ ഷാപ്പിലേക്ക് വിട്ടു

ഏത് നേരത്താണൊ തമ്പുരാനെ ഈ കോന്തനെ എന്റെ പെരഡീല് വെച്ച് കെട്ടാനെന്റെ അച്ചന് തോന്നീത്….ഹും അച്ചനെ കുറ്റം പറഞ്ഞ്ട്ട് കാര്യല്ല്യ ഒരു പട്ടാളക്കാരനെല്ലേ ഒന്നുല്ല്യങ്കി പെന്ഷെൻ കിട്ടീട്ടെങ്കിലും ന്റെ മോള് ജീവിച്ച് പൊയ്ക്കോട്ടെ ന്ന് കരുതിക്കാണും എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴതാ പുന്നാരമോൻ സതീശൻ ഒരു കവറും തൂക്കിപ്പിടിച്ച് കയറി വന്നത്

ദാ അമ്മേ നല്ല ചീരന്റലേണ് ഉപ്പേരിവെക്കാൻ ഉഷാറ് മൊതലാണ്

ഫ്പാ നിന്റെ തന്തേന്റെ അടിയന്തിരം നടത്താനാടാ കള്ള കഴ്വേറീടെ മോനെ ചീരന്റെല

അപ്പൊ അച്ചൻ ചത്താ എപ്പോ ഞാനറ്ഞീലല്ലാ ,

അറിയാനുള്ള ആകാംശയോടെ അമ്മേടെ അട്ത്തേക്ക് ചെന്ന സതീശന്റെ മുഖം നോക്കി ഒരു പെടപെടച്ച് ലീലാമ്മച്ചേടത്തി ഹൈ വോള്യത്തിൽ ചീറി

എവിടെടാ ദുഷ്ടാ ആ പൈസ...... അന്നെക്കൊണ്ട് നയാപൈസന്റെ ഉപകാരം ഇവിടെ കിട്ട്ണ്ല്യ പിന്നെ ന്തിനാടാ ഞാൻ നയിച്ചിണ്ടാക്യേതും കൂടി കൊണ്ടോയി പണ്ടാറടക്യേത്....

ഏത് പൈസ ആര് ഏട്ത്ത് ....സതീശന് ഒന്നും മനസ്സിലായില്ല

സങ്ങതി ആഴ്ച്ചേല് രണ്ട്മൂന്നീസം നയിക്കാൻ പോയ് കിട്ട്ണ പൈസോണ്ട് ബാക്കി ദിവസങ്ങള് ബീവെറേജ് കോർപെറേഷനെ ലാഭത്തിലാക്കാനവിടെ വല്ലതും കൊടത്ത്,ഷാപ്പ് നടത്ത്ണ രാമേട്ടന്റെ കുടുംബം പട്ടിണികെടക്കാതിരിക്കാൻ അവിടേം വല്ലതും കൊട്ത്താ പിന്നെ കുട്മ്മത്തില് കൊട്ക്കാനൊന്നുണ്ടാകാറില്യന്ന്ള്ളത് സത്യാണ് പക്ഷെ ഇത് വരെ ആര്ടേയും ഒരുറ്പ്പ്യ പോലും കട്ട്ട്ടില്യ പിന്നെപ്പെന്താപ്പിത് കഥ ഒരെത്തും പിടിം കിട്ട്ണ്ല്യല്ലോ ന്റെ തംബുരാനേ.... സതീശൻ ആശയക്കുഴപ്പത്തിലായി

ഏത് പൈസേണ് തള്ളേ ഇങ്ങളീപറയിണേ ,പറച്ചില് കേട്ടാ തോന്നും ലോകബേങ്കിന്റെ കജാന തള്ളന്റെട്ത്താണ്ന്ന് ..ഇനിക്കൊന്നും മനസ്സിലാക് ണ്ല്യ

ആടാ കള്ളാ നിനെക്ക് മനസ്സിലാകൂല ഇന്നലെരാത്രി ഞാനെട്ത്തോളാന്ന് പറഞ്ഞപ്പൊതന്നെ ഇനിക്ക് പേടിണ്ടേർന്ന്

അത് ശരി അപ്പൊ അതാണ് കാര്യം

തോന്നുമ്പ വന്ന് തോന്നിയ പണിട്ക്കാന് ഇത് നിന്റച്ചന്റെ തറവാടല്ല ,ദെവസോം പണിക്ക് വരാൻ പറ്റൂന്ന്ണ്ടങ്കി ഇനി പണിക്ക് വന്നാമതീ എന്ന് മേസ്തരി അപ്പുവേട്ടൻ പറഞ്ഞപ്പൊ പോടാ പുല്ലെ ദിവസോം പണിക്ക് ഇന്റെ പട്ടി വരും എന്ന വീരവാദ്യം മുഴക്കി ഇറങ്ങിപ്പോന്ന്
രണ്ടാഴ്ച അടിപ്പിച്ച് ഷാപ്പിൽ സ്ഥിര താമസമാക്കിയ്പ്പോ ഇത്രേം കാലം ഞാൻ ചെല്ലുമ്പോ ചിരിച്ചോണ്ട് നിക്ക്ണ രാമേട്ടൻ ഇന്നലെ ഇനി ഇവെട്ത്ത പറ്റ് തീർത്ത്ട്ട് കുടിച്ചാമതീന്ന് പറഞ്ഞ് ആട്ടി.

അപ്പൊ പിന്നെ പറ്റ് തീർക്കാൻ കുറച്ച് കാശ് തള്ളയോട് ചോദിച്ചൂ ള്ളത് സത്യാണ് പക്ഷെ ഞാനത് എടുത്തിട്ടില്ലല്ലൊ, സന്തോയന്റെ കയ്യീന്ന് കരഞ്ഞ് പറഞ്ഞ് കടം വാങ്ങ്യ പൈസോണ്ട് പറ്റ് തീർത്ത് ബാക്കിവന്നപൈസക്ക് ചീര വാങ്ങ്യേതും. ഇനി അറിയാതെ വെള്ളത്തിന്റെ പൊറത്ത് ഞാനെട്ത്തോ സതീശൻ പോകറ്റ് തപ്പി

ഹേയ് ഇല്യ ഞാനെട്ത്തിട്ടില്യ ഇനിക്കൊറപ്പ..

ആത്മഗത്ം ഇച്ചിരി ഒറക്കെയായിപ്പൊയി

യ്യെന്നെ ഇട്ത്ത്ട്ട്ക്കണത് ഇവിടെ നിന്ന് താളം ചവിട്ടാണ്ട് പോയി ആ പൈസ വാങ്ങിക്കൊണ്ട് വാടാ കയ്തേ അല്ലങ്കി ബാക്കിള്ള പൈസക്ക് എവിടേലും പോയി കൊറച്ച് വെഷം വാങ്ങി ചാവ്..

ലീലാമ്മച്ചേടത്തീടെ വായീന്നുള്ള ആ അസ്ത്രം സതീശന്റെ നെഞ്ചത്ത് തന്നെ തറച്ചു
അതെ ചാകണം പെങ്ങളെ കെട്ടിക്കാൻ എടുത്തവച്ചകാശ് കട്ട് കള്ളുകുടിച്ചവൻ എന്ന പേരുമായി ജീവിച്ചിട്ട് കാര്യല്ല്യ.

ചാകാനുള്ള വഴികളെ കുറിച്ചാലോചിച്ച് സതീശൻ റോട്ടിലേക്കിറങ്ങി

തീവണ്ടിക്ക് മുന്നിലേക്ക് ചാടാം പക്ഷെ മൂന്ന് നാലു കിലോമീറ്ററ് അപ്പുറത്തുള്ള റൈൽ വരെ നടക്കാൻ ജന്മനാകിട്ടിയ മടി സമ്മതിച്ചില്ല .

വല്ല മരത്തിലും കെട്ടിത്തൂങ്ങാം...പക്ഷെ കയറാനറിയാത്ത് താനതിന്റെ മണ്ടേന്നെങ്ങാൻ വീണു മരിച്ചാലോ.ആത്മഹത്യ ചെയ്യാൻ പറ്റില്ലല്ലോ..

പെട്ടന്നാണ് സതീശന്റെ തലയിൽ ആബൾബ് കത്തിയത്.
നേരെ തട്ടാൻ സുകുവിന്റെ ജ്വല്ലറിയുടെ ബാക്കിലെ മുറിയിലേക്ക് കയറിചെന്നു
ഭാഗ്യം ..സുകു മുന്നിലെ ജ്വല്ലറിയിലാണ്... പറ്റിയ അവസരം

പണ്ട് സുകു പറഞ്ഞിരുന്നു ചെറിയകുപ്പീലെ സ്വർണ്ണത്തില് ചേർക്ക്ണ മര്ന്ന്, നാവിമ്മെ തട്ടിയാമതി അപ്പൊചാവും.... ആമര്ന്ന് എട്ത്ത് വെക്കൽ ഈ മുറീലാണ്

പക്ഷെ എവിടെ എന്ന വല്യ രൂപമില്ല.ആ മുറിയാകെ തപ്പി.

ഹാവൂ കിട്ടി മേശേടെ മേലെതന്നെ കടലാസില്പൊതിഞ്ഞ് വെച്ച കുപ്പി അലമാറേൽ തെരഞ്ഞാകിട്ടില്ലാ എന്ന് സതീസനു അന്ന് മനസ്സിലായി ,അല്ലേലും അനുഭവത്തിലൂടെയാണല്ലോ മനുഷ്യൻ പാഠങ്ങൾ പഠിക്കുക

കിട്ടിയകുപ്പിയുമായിഓടിച്ചെന്ന് നിന്നത് വീടീന്റെ മുറ്റത്ത്. അമ്മ തൊഴുത്തിൽ പശുവിനു വൈക്കോലിട്ട് കൊടുക്കുന്നു.

മിണ്ടാതെ അകത്ത് കയറി

എതായാലും ചാകാൻ പോണ് ഇച്ചിരി വെള്ളം കുടിച്ച് ചാവാം എന്ന് കരുതി അട്ക്കളയില് കയറിയപ്പൊ കണ്ടത് കഞ്ഞി കലം പിന്നെ ഒന്നും ആലോചിച്ചില്ല കഞ്ഞിക്കലത്തിലേക്ക് മരുന്ന് ഒഴിച്ച് നന്നായി ഇളക്കി ചെറു ചൂടോടെ രണ്ട് മൂന്ന് കൈല് മുക്കിക്കുടിച്ച് നേരെ പുറത്തേക്ക് നടന്നു....

.....ശരീരം വല്ലാതെ തളരുന്നു.... എങ്കിലും നടന്നു... അവസാനം വീടിനു പിന്നിലെ പറമ്പിൽ തളർന്ന് വീണു.കൺ പോളകൾക്ക് വല്ലാത്ത ഭാരം കണ്ണുകളറിയാതെ അടഞ്ഞു.

എന്താണ്ട്രാ സതീശാ‍...കുടിച്ച് പാമ്പായികെടക്കാതെ വല്ല പണിക്കും പൊയ്കൂടെ ചെർക്കാ

ശബ്ദം കേട്ട ദിശയിലേക്ക് സതീശൻ തൽ ഉയർത്തിനോക്കി ...അതേ യമപുരിയിൽ നിന്ന് കാലൻ കാളയും കയറുമായി വന്നിരിക്കുന്നു..
ഒന്നുകൂടി നോക്കിയ സതീശൻ ഞെട്ടി!!!!കാലന്റെ കൂടെ കറുത്ത കാളക്ക് പകരം ചുവന്ന പശു!!! യ്യോ ഇങ്ങേരും മാർകിസ്റ്റായോന്നാലോചിച്ച് കാലന്റെ മുഖത്ത് നോക്കിയ സതീശൻ വീണ്ടു ഞെട്ടി!!! കാലൻ അസ്സലായിട്ട് ബീഡിവലിക്കുന്നു

കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി..

എന്താണ്ട്രാ കുടിച്ച് കോണ് തെറ്റി അന്റെ കണ്ണിന്റെ കാഴ്ച പോയാ.. വീണ്ടൂം ചോദ്യം

പക്ഷേ ഈ ചോദ്യത്തിന് പാലുകാരൻ അയ്യപ്പേട്ടന്റെ സ്വരം......അല്ല രൂപവും അയ്യപ്പേട്ടന്റെ

അത് ശരി അപ്പൊ അയ്യപ്പേട്ടൻ പശുവിനെ തീറ്റിക്കാനെറങ്ങിയതാണല്ലെ

ഇവിടെ പറമ്പില് വന്ന് കെടക്കാതെ കുടുമ്മത്തിൽ പോയി കെടക്കടാ…അയ്യപ്പേട്ടൻ വീണ്ടും ഉപദേശം

സ്വസ്ഥമായിട്ടൊന്ന് വെഷം കുടിച്ച് ചാവാന്ന് വിചാരിച്ചാ അതിനും സമ്മതിക്കൂലെ കെളവാ..സതീശൻ മാന്യമായി പ്രതികരിച്ചു

വെഷം കൂടിക്കേ ആര്...

കഞ്ഞിക്കലത്തില് വെഷം കലക്കി അതീന്ന് രണ്ട് കയ്ല് മുക്കി കുട്ച്ച് വന്ന് മരിക്കാൻ കെടക്കേണ് ഞാന് എന്നെ ശല്യം ചെയ്യാതെ ഒന്ന് പോയെ

അയ്യപ്പേട്ടന് സതീശനെ ഒന്ന് മണം പിടിച്ചു ഇല്ലാ.വെള്ളമടിച്ചിട്ടില്ല.പിന്നെന്തൊക്കേണിവൻ പറയണത്‌.........
സതീശാ യ്യ് സത്യാണാ ഈ പറയ്ണത് ...
അല്ല പിന്നെ ചാകാൻ നേര്ത്താരെങ്കിലും കള്ളം പറയോ

എഡാ അപ്പൊ അന്റെ അമ്മേം അച്ചനൊക്കെ അത് കുടിക്കൂലെ ......

കുടിക്കട്ടെ കുടിച്ച് എല്ലാരും ചാകട്ടെ.....

അയ്യപ്പേട്ടന് എന്തോ അപകടം മണത്തു പശൂനെ അടുത്ത് കണ്ട തെങ്ങിൽ കെട്ടി നേരെ സതീശന്റെ വീട്ടിലേക്ക്‌ ഓടിക്കേറി

ആ കാഴ്ച കണ്ട അയ്യപ്പേട്ടൻ ഞെട്ടി!! ലീലാമ്മച്ചേടത്തി കഞ്ഞി മുക്കി കുടിക്കുന്നു
ഒരു കയ്ല് മുക്കി കുടിച്ചു ....
അയ്യപ്പേട്ടൻ അലറിവിളിച്ച് കുടിക്കല്ലേ.......
അതാ രണ്ടാമതും കയ്ല് മുക്കി കുടിച്ചു........
മൂന്നാമതും കയ്ല് മുക്കിയപ്പോഴേക്കുംഅയ്യപ്പേട്ടൻ ഓടിച്ചെന്ന് കഞ്ഞിപ്പാത്രം തട്ടിക്കളഞ്ഞു.

എന്താ അയ്യപ്പ അനക്ക് പ്രാന്തായാ ലീലാമ്മച്ചേടത്തീടെ ചോദ്യത്തിന് ഇനിക്കെല്ല ങ്ങളെ മോന്ക്കാ പ്രാന്ത് ഓന് കഞ്ഞിക്കലത്തില് വെഷം കലക്കി അതീന്ന് രണ്ട് കയ്ല് മുക്കി കുട്ച്ച് വന്ന് മരിക്കാൻ കെടക്ക്ണ്ണ്ട് കെഴെക്കേപറമ്പില്

ചേടത്തിക് തലകറങ്ങി കണ്ണ് മഞ്ഞളിച്ച്...
നെഞ്ച് തടവിക്കൊണ്ട്‌....
കൃഷ്ണാ എന്നൊരു വിളിയോടെ ചേടത്തി ബോധം കെട്ട് വീണു.‌‌‌‌‌
‌‌‌‌‌‌‌‌‌‌‌_____________

മരണം കാത്ത്, പറമ്പില്‍ മലര്ന്ന് കിടക്കുന്ന സതീശൻ,
പിടിയടാ അവനെ.. കഞ്ഞിക്കലത്തില് വെഷം കലക്കിയവനെ അടിച്ച് കയ്യും കാലുമോടിക്കടാ എന്നാർത്ത് ഒരുകൂട്ടം എളകിവരണത് കണ്ട്
വിഷം കുടിച്ച് കാലനെ പ്രതീക്ഷിച്ചിരിക്കുകയണെന്ന് കാര്യം മറന്ന്
അവനാന്റെ തടി അവ്നാം രക്ഷിക്കണം എന്നനയത്തിൽ ഉറച്ച് വിശ്വസിച്ച് മുണ്ടും മാടിക്കുത്തി തന്നെക്കൊണ്ടാകും വിധം ഓടി രക്ഷപ്പെട്ടു
____
ഇതൊന്നും അറിയാതെ
അരിപാത്രത്തീന്ന് കട്ട കാശുമായി വീട്ടുകാരറിയാതെ തന്റെ കാമുകൻ ഓട്ടോക്കാരൻ ശശിയുടെ കൂടെ നാട് വിടുന്ന ശാന്ത ശശിയുടെ തോളിൽ തലചായ്ച്ച് പുറം കാഴ്ചകൾ കണ്ടാസ്വദിച്ചു ബാഗ്ലൂരിലേക്കുള്ള ബസിൽ യാത്ര തുടർന്നു
-----
അതേ സമയം....
രാവിലെ ഉണ്ടായ ഓക്കാനം ഗർഭം തന്നെ യാണോ എന്ന് കൺഫോം ചെയ്യാൻ ലാബില് കൊട്ക്കാൻ ഭാര്യ കുപ്പീലാക്കി പൊതിഞ്ഞ് തന്ന മൂത്രം മേശപ്പുറത്ത് വെച്ചതെവിടെപ്പോയി എന്ന് തിരയുകയായിരുന്നു തട്ടാൻ സുകു


അവലംബം ആടും ജോര്ജ്ജു ട്ടി.....

9/25/10

ചാത്തൻ മുസ്ല്യാര്‌

ഒഴിവ്‌ ദിവസങ്ങളിൽ ഒളിച്ച്‌ കളി ഏറുപന്തു കളി തുടങ്ങി പലതരം കളികൾ കളിക്കാറുണ്ടങ്കിലും മീന്പിേടുത്തം ഞങ്ങൾക്ക്‌ ഹരമായിരുന്നു. പത്തായത്തിൽ നിന്ന് പാറ്റകളെപിടിച്ചും പാടവരംബിലെ പുറ്റിൽ നിന്ന് മണ്ണിരകളെ മാന്തിയുമൊക്കെ ചൂണ്ടലിൽ കോർത്ത്‌ ഞങ്ങള്‍ കുട്ടികള്‍ ഗ്രാമത്തിലെ കുളങ്ങളിലും തോടുകളിലും ക്ഷമയോടെ കാത്തിരുന്ന് മീൻപിടിക്കും. പിടിച്ച മീന്‍ കൊണ്ട്‌ കറിവെച്ച്‌ കഴിക്കാനൊന്നും തികയില്ല എങ്കിലും മീൻ ചൂണ്ടയിൽ കൊത്തുന്നതറിയാനുള്ള "ഇൻഡികേറ്റർ" ആയി ചൂണ്ടനൂലിന്റെ എകദേശം മധ്യ ഭാകത്ത്‌ ഒരു പൂള(കപ്പ) ത്തണ്ടിന്റെ ചെറിയ കഷ്ണമോ കമ്മ്യൂ ണിസ്റ്റപ്പയുടെ ഉണങ്ങിയ കഷ്ണമോ കൊണ്ട്‌ "പൊന്ത്‌" കെട്ടി ചൂണ്ടയും വെള്ളത്തിലിട്ട്‌ ആ പൊന്ത്‌ ഇളകുന്നതും നോക്കി ആകാംശയൊടെ കാത്തിരിക്കാൻ പ്രത്യേക രസമാണ്‌. കൂട്ടംകൂടി മീന്പിനടിച്ച്‌ രസിക്കുമ്പോള്‍ ചിലപ്പോള്‍ തവളയും നീര്ക്കോ ലിയും ഒക്കെ ചൂണ്ടയില്‍ കുരുങ്ങും. വേര്പ്പെ ടുത്താനാവാതിരുന്നാല്‍ ഞങ്ങള്‍ ചൂണ്ടല്‍ ചുഴറ്റിതെങ്ങിലടിക്കും.

ചിലപ്പോള്‍ വല്യുപ്പാന്റെ കൂടെ പുഴയിലേക്കും പോകും. പുഴയിലേക്ക്‌ പോകാൻ സാധാരണ ചൂണ്ടയും നൂലും പറ്റില്ല വലിയ ചൂണ്ടയും കട്ടി കൂടിയ ചൂണ്ടനൂലും വേണം പിന്നെ കൊഞ്ജൊ,ചെറിയ പരലോ ഒക്കെ വേണം ചൂണ്ടയിൽ കോർക്കാൻ. കോർത്ത ചൂണ്ട നന്നായി ചുഴറ്റി പുഴയുടെ നടുക്കലേക്ക്‌ ഏറിഞ്ഞാൽ ഒഴുക്കിൽ പെട്ടാണൊ അതൊ ചൂണ്ടയിൽ മീൻ കുടുങ്ങിയാണൊ ചൂണ്ടനൂൽ "ടെമ്പെർ" ആകുന്നതെന്ന് കൻഫൂഷ്യനാകും.ഒഴുക്കുള്ള വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നല്ല വൈദഗ്‌ധ്യം വേണം .ചിലപ്പോഴക്കെ വല്യ മീൻ കിട്ടാറുണ്ടങ്കിലും പുഴയിലേക്ക്‌ മീൻ പിടിക്കാൻ പോകാൻ ഞങ്ങൾ കുട്ടികൾക്ക്‌ പേടിയാണ്‌

പുഴയിലേക്ക്‌ വെള്ളമൊഴുകിവരുന്ന കൈതമുള്ള്‌ നിറഞ്ഞ തോടിന്റെ ഇരുവശവും പച്ച വിരിച്ച നെൽപ്പാടങ്ങളാണ്‌. പുഴയുടെ അപ്പുറത്തെ സ്മ്ശാനത്തിന്റെ കിഴക്കേ അറ്റത്ത്‌ വലിയ കാടാണ്‌ കാട്ടിൽ പകലു പോലും ഇരുട്ടാകും .ചൂരൽ എടുക്കാനും ,തെച്ചി പ്പഴവും മുള്ളുങ്കായയുമൊക്കെ തിന്നാനും ഞങ്ങൾ പകൽ പോകാറുണ്ടകിലും നേരം ഇരുട്ടിയാൽ അങ്ങോട്ട്‌ നോക്കാൻ പോലും ഞങ്ങൾക്ക്‌ പേടിയാണ്‌
മാതയും മരുതയും കുട്ടിച്ചാത്തനും പുഴയിൽ മുങ്ങി മരിച്ച വെലായ്ദന്റെ പ്രേതവും തുടങ്ങി സ്മശാനത്തിലെ ഭൂതപ്രേതപിശാചുക്കൾ മുഴുവനും രാത്രി കാട്ടിന്റെ ഉള്ളിൽ ഇറങ്ങി നടക്കുമത്രെ
ഒറഞ്ഞു തുള്ളക്കാരൻ രാമേട്ടൻ പുഴ വക്കിലെ വഴിയിൽ ബോധംകെട്ട്‌ വീണ്‌ കിടക്കുന്നത്‌ രാവിലെ പാടത്ത്‌ പുല്ലരിയാൻ പോയ പെണ്ണ്‌ങ്ങളാണ്‌ കണ്ടത്‌.താങ്ങിപ്പിടിച്ച്‌ കൊണ്ട്‌ വന്ന് മുഖത്ത്‌ വെള്ളം തെളിച്ച്‌ വിളിച്ചെണീപ്പിച്ചപ്പൊഴും മുഴുവൻ കരുവാളിച്ച ശരീരംവിറക്കുന്നുണ്ടായിരുന്നെത്രെ!!
തേങ്ങയിടാൻ വന്ന അപ്പുട്ട്യേട്ടനാ പറഞ്ഞത്‌ “വായീന്ന് തീ തുപ്പുന്ന ചാത്തൻ” തൊട്ടതാ ഒറച്ചിൽകാരനായത്കൊണ്ടാ രക്ഷപ്പെട്ടത്‌ സധാരണക്കാരനാണങ്കിൽ അപ്പോൾ തന്നെ മരിക്കുമത്രെ!!!
*-------------------------------------------------------------*
ഒന്ന് രണ്ട്‌ ദിവസം മുൻപ്‌ രാത്രി "മീൻ വെട്ടാൻ" പോയോർക്കൊക്കെ നല്ല വലിയ മീൻ കിട്ടി എന്ന് കേട്ടപ്പൊൾ ഞങ്ങൾക്കും തോന്നി ഒന്ന് പോയാലെന്താന്ന് .രാത്രി ചെറിയ ചാറ്റൽ മഴയുണ്ടാകുമ്പോൾ പാടത്ത്നിന്നും തോട്ടിലൂടെ പുഴയിലേക്കൊഴുകുന്ന വെള്ളത്തിൽ വലിയ മീനുകൾ പുഴയിൽ നിന്ന് തോട്ടിലേക്കും അവിടെന്ന് പാടത്തേക്കും ഒക്കെ വരും. അപ്പോൾ ടോർച്ചടിച്ച്‌ മീനിന്റെ മണ്ട നോക്കി കത്തി കൊണ്ട്‌ ഒരു വെട്ട്‌. മര്യാദക്ക്‌ ഉള്ള വെട്ടാണങ്കിൽ മീൻ ക്ലോസ്‌
വൈകുന്നേരം തന്നെ വെറക്‌ പുരയിൽ കയറി പഴയ ഒരു കത്തിസംഘടിപ്പിച്ച്‌ ടോർച്ചും എടുത്ത്‌ രാത്രി പള്ളിയിലേക്ക്‌ എന്നും പറഞ്ഞ്‌ ചിന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയെ അവകണിച്ച്‌ ഞങ്ങൾ പുഴയിലേക്ക്‌ പുറപ്പെട്ടു. കാട്‌ പുഴയുടെ അപ്പുറത്തെ നെൽപ്പാടത്തിന്റെ കിഴക്കേ അറ്റത്താണങ്കിലും ചെറിയ ഒരു ഭയം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്‌.ഇവിടന്ന് നോക്കിയാൽ കാടിന്റെ ഭാകത്ത്‌ ഒന്നും കാണാനാകാത്തത്ര ഇരുട്ടാണ്‌ . പാടത്ത്‌ ചീവിടുകളുടെ കിർ കിർ ശബ്ദം മാത്രം ഞങ്ങൾ നെല്ല് കൊയ്ത പാടത്തും ചെളിനിറഞ്ഞ തോട്ടിലും ഒക്കെ കത്തിയുമായി ടോർച്ചടിച്ച്‌ നടക്കുമ്പോൾ ഇടക്കിടെ ഞങ്ങൾ കാടിന്റെ ഭാകത്തേക്ക് നോക്കുന്നുണ്ട്.പെട്ടന്നാണ് ഞാനാകാഴ്ച്ച കണ്ടത്. കാടിന്റെ അരികിലെ പുഴയോട്‌ ചേർന്ന വഴിയിലൂടെ ഒരു ചുവന്ന വെളിച്ചം!! അത്‌ ഞങ്ങളുടെ നേരെ വരുന്നതായി എനിക്ക്‌ തോന്നി.ഞാൻ എല്ലാവരെയും വിളിച്ച്‌ കാണിച്ച്‌ കൊടുത്തു എല്ലാവർക്കും കാണാം! ശരിയാണ്‌ എന്റെ തോന്നലല്ല!! “വായീന്ന് തീ തുപ്പുന്ന ചാത്തൻ” ഞങ്ങളുടെ നേരെ വരുന്നു!!. ഇടക്ക്‌ മുന്നോട്ടും പിന്നോട്ടും ശക്തിയായി ആടുമ്പോൾ തീപ്പൊരിപാറുന്നപോലെ. ഏകദേശം ഞങ്ങളുടെ നേരെ എത്തിയപ്പോൾ ഒന്നു നിന്നു പിന്നെ ഞങ്ങൾ നോക്കി നിൽക്കേ ആ "ചാത്തൻ"പുഴയിലേക്ക്‌ ഏടുത്ത്‌ ചാടി
പിന്നെ ഞങ്ങൾ തിരിഞ്ഞു നോക്കാതെ ഒരോട്ടമായിരുന്നു . ചെളി നിറഞ്ഞ പാടത്തിലൂടെ ഓടുമ്പോൾ പൂണ്ട പോയ ചെരിപ്പ്‌ കളഞ്ഞ്‌ നിലവിളിച്ച്‌ വീട്ടിലേക്കോടി. ഞങ്ങളുടെ കരച്ചിൽ കേട്ട്‌ അയൽവാസികളൊക്കെ ഓടിക്കൂടി
പേടിച്ചതിന്റെ പുറമെ അഞ്ച്‌ പത്തു മിനുട്ടോളം നിർത്താതെ കരഞ്ഞോടിയ ഞങ്ങൾക്കാർക്കും വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നതിനുത്തരം കിത്ച്ചിട്ട്‌ പറയാനാകാത്ത അവസ്ഥ,എങ്കിലും ഞങ്ങൾ വിക്കി വിക്കി കാര്യം പറഞ്ഞുതീർത്തപ്പോൾ ‘അസമയത്ത്‌ ‘ പുഴയിലേക്ക്‌ പോയതിനു അവിടെ കൂടിയ എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി
ചാത്തനെ കണ്ട്‌ പേടിച്ചതിനു പുറമെ അസമയത്ത്‌ പുഴയിൽ പോയതിന്‌ കിട്ടിയ അടിയുടെ ക്ഷീണവും ഒക്കെയായി ഞങ്ങൾ പെട്ടന്നുറങ്ങി
അടുത്ത ദിവസം രാവിലെ ഞങ്ങളെ കാണാൻ ഒരുപാട്‌ പേർ വന്നു .ഇതിനുമുൻപ്‌ തീ തുപ്പുന്ന ചാത്തനെ കണ്ടവരെ ചാത്തൻ രാത്രി വന്നുകൊണ്ടുപോയതും ചോരകുടിച്ച്‌ കൊന്നിട്ട്‌ അടുത്തുള്ള പൊട്ടകിണറ്റിലിട്ടതും ഒക്കെ അവർ ഞങ്ങൾ കേൾക്കെ തന്നെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു
ഇതെല്ലാം കേട്ട്‌ പേടിച്ചിരിക്കുന്ന ഞങ്ങൾക്കാശ്വാസമായി മന്ത്രിച്ച്‌ ഊതാൻ മുസ്ല്യാർ വന്നു.പുഴക്ക്‌ അക്കരെ പുഴയോട്‌ ചേർന്ന പുറംപോക്ക്‌ സ്ഥലത്ത്‌ താമസിക്കുന്ന മുസ്ല്യാരെ മന്ത്രിച്ചൂതാനും പ്രാർഥിക്കാനും ഒക്കെ എല്ലാവരും വിളിക്കും .ആരെങ്കിലും മരിച്ചാലും എന്തങ്കിലും അപകടം പറ്റിയാലുമൊക്കെ വിളിക്കാതെ തന്നെ കേട്ട്‌ അറിഞ്ഞ്‌ വന്നു വേണ്ട രീതിയിൽ സഹായങ്ങൾചെയ്യാൻ മുസ്ല്യാർ മുന്നിലുണ്ടാവും.ഇന്നലെത്തെ സംഭവം കേട്ടറിഞ്ഞു വന്നതാണ്‌മുസ്ല്യാർ

വന്നയുടനെ വല്യുപ്പാന്റെ വെറ്റിലചെല്ലം തുറന്ന് വെറ്റിലയെടുത്ത്‌ ഞരമ്പ്‌ നുള്ളിക്കളഞ്ഞ്‌ ചുണ്ണാമ്പ്‌ തേച്ച്കൊണ്ട്‌ മുസ്ല്യാർ വിവരണം തുടങ്ങി "ഇൻ ക്കിന്നലെ കേക്കോറം (കിഴക്ക്‌) ഒരു ദു‍ാര്‌ക്കൽ(പ്രാർത്ഥിക്കൽ) ഇണ്ടേനി.മയൊന്ന് ചോരാമേണ്ടി കാത്ത്ന്നോക്കി എശാങ്ക്‌(രാത്രിയിലെ ബാങ്ക്‌)കൊട്ക്ക്ണരെ അവ്ടെ ഇര്‌ന്ന് ഇന്നട്ടും മയ ഇങ്ങനെ ചാറ്‌ന്നെ പിന്നെ ഒര്‌ ചൂട്ടും(ഓലത്തുമ്പ്‌ ) കത്തിച്ചിങ്ങട്ട്‌ നടന്ന്.ബെല്ലാതെ നേരംബൈകാമ്പറ്റൂലല്ല.ആ കാവിന്റെ എട്ത്തു കൂടി വരാൻള്ളതല്ലേ.”
ചുണ്ണാമ്പ്‌ തേച്‌ പാകത്തിന്‌ അടക്കയും പുകയിലയും ഒക്കെ ചേർത്ത്‌ ചുണ്ടിൽ തട്ടാതെ അണപ്പല്ലുകൾക്കിടയിൽ വെച്ച്‌ ബാക്കി തുടർന്നു
“പെരന്റെ അവ്ടെറ്റം എത്ത്യേപ്പം ചൂട്ടും പൊയീകിട്ട്‌ തിരിഞ്ഞപ്പളാ ഇക്കരീന്ന് നെലിം വിളയോക്കെ കേട്ടത്‌. അപ്പതന്നെ ബെര്‌നം ന്ന് ബിജാര്‌ചി പിന്നെ മയത്ത്‌ ചൂട്ടൊക്കെണ്ടാക്കി ബെർന്റെ ഏതായാലും നാളെ പോകാന്നും കെര്‌തി ഞാൻ പെരീക്ക്‌ കേരി”
ഢിം......

ഇത്‌ വരെ രത്രി ചാത്തൻ വന്ന് കൊണ്ട്‌ പോകുന്നതും ചോരകുടിച്ച്‌ കൊന്ന് പൊട്ടകിണറ്റിലെറിയുന്നതും ഒക്കെ അലോചിച്ച്‌ പേടിച്ചിരിക്കുന്ന ഞങ്ങൾ മുസ്ല്യാരു പറഞ്ഞതു കേട്ട്‌ മുഖത്തോട്‌ മുഖം നോക്കി ...
...അതെ അതുതന്നെ.....
ഞങ്ങൾക്ക് തലയിൽ ബൾബ്കത്തി

പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു

മുസ്ല്യാരും വീട്ടുകാരും ഞങ്ങളുടെ ചുറ്റും കൂടി. "പാവങ്ങൾ ഇത്രചെറുപ്പത്തിലെ എല്ലാത്തിന്റെ യും സമനിലതെറ്റി!! ഹ്‌ ം ഒക്കെ വിധി" എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി

കാര്യം എന്തന്നറിയാൻ ചുറ്റും കൂടിയവരുടെ ആകാംശ അവസാനിപ്പിച്ച്‌ ഞങ്ങൾ സംഭവം വിവരിച്ചു
"ചൂട്ടും വീശി വരുന്ന മുസ്ല്യാരെ കണ്ടാണ്‌ ഞങ്ങൾ ചാത്തനെന്ന് പേടിച്ചത്‌ മുസ്ല്യാര്‌ ചൂട്ട്‌ പുഴയിലേക്കിട്ടതാണ്‌ ചാത്തൻ പുഴയിലേക്ക എടുത്ത്‌ ചാടിയത്‌"

സങ്ങതി പുറത്ത്‌ പറഞ്ഞതോടെ വീട്ടുകർക്കും നാട്ടുകാർക്കും സമാധാനമായങ്കിലും അന്നു മുതൽ മുസ്ല്യാരെ സമധാനം നഷ്ടമായി

കാരണം ഇത്രയും കാലം മരണവീട്ടിലും മറ്റും മുസ്ല്യാരെത്താൻ വൈകിയാൽ “മുസ്ല്യാർ” വന്നിലെ എന്ന് ബഹുമാനത്തോടെ ചോദിച്ച നാട്ടുകാര്‌ ഈ സംഭവത്തിനു ശേഷം "ചാത്തൻ മുസ്ല്യാര്‌" വന്നിലേ എന്ന് ചോദിച്ച്‌ തുടങ്ങി

8/19/10

മഹാബലി

പാതാളത്തില്‍ നിന്നും വന്ന മഹാബലി ആകെ ഞെട്ടി.
തന്നെ സ്വീകരിക്കാന്‍ കേരളീയര്‍ പണ്ടൊക്കെ തുമ്പയും തെച്ചിയും മുക്കുറ്റിയും ചേര്‍ത്ത് മനോഹരമായി പൂക്കളമിട്ടും
മണ്ണ് കൊണ്ട് തൃക്കാക്കരപ്പനെ ഉണ്ടാക്കിയും ഒക്കെ മുറ്റം അലങ്കരിച്ചിരിന്നതിനു പകരം ഇന്നത്തെ തലമുറ
തമിഴ് നാട്ടില്‍ നിന്നും വന്ന റെഡിമെയിഡ് പൂക്കളം ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിട്ട്
ചൈനാ മൈഡ് ഫൈബെര്‍ തൃക്കാക്കരപ്പനെ അതിന്റെ സമീപത്ത് വച്ച്
ഡൈനിങ്ങ് ഹാളിലെ ടീവിയില്‍ മതത്തിന്റെ പേരില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തമ്മില്‍ തമ്മില്‍
വെട്ടിയും കുത്തിയും തെരുവില്‍ പൈശാചികനൃത്തമാടുന്നത് കണ്ടാസ്വദിക്കുന്നു

ഇതെല്ലാം കണ്ട് സഹികെട്ട മഹാബലി എല്ലാമതസ്തരില്‍ നിന്നും ഓരോരുത്തരെ പിടിച്ച് രക്തമെടുത്ത്
ഓരൊ കുപ്പിയിലാക്കി പരസ്പരം കലഹിക്കുന്നവരുടെ ഇടയിലേക്ക് വന്ന് ചോദിച്ചു
ഇതില്‍ ഹിന്ദുവിന്റെ അല്ലങ്കില്‍ മുസല്‍മാന്റെ അതുമല്ലങ്കില്‍ ക്രിസ്ത്യാനിയുടെ രക്തമേതാണെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?

ബീവെറേജ് കോര്‍പെറേഷന് ലാഭമുണ്ടാക്കിക്കൊടുത്ത വകയില്‍ സ്വബോധം നഷ്ടപ്പെട്ടര്‍ പോലും
സ്വന്തം മതസ്തന്റെ രക്ത്മെടുത്ത മഹാബലിയോട് പകരം ചോദിക്കാന്‍ ആയുധങ്ങളുമായി
മഹാബലിക്കു പിന്നാലെ ഓടി.ആയുധമേന്തിയവരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് പാതാളത്തിലെത്തിയ മഹാബലി
വാമനനെ പ്രീതിപ്പെടുത്തി വര്‍ഷാ വര്‍ഷം കേരളത്തിലേക്കുള്ള ഈ യാത്ര ഒന്നു ഒഴിവാക്കിക്കിട്ടാനായി
കഠിന തപസ്സ് തുടങ്ങി.
മൂന്ന് കുപ്പിരക്തെമെടുത്ത എന്റെ നേരെ വന്നതിന്റെ പകുതിആവേശം രക്തം കുടിക്കുകയും
കൂടെ രോഗം സമ്മാനിക്കുകയും ചെയ്യുന്ന കൊതുകുകളെ കൊല്ലാന്‍ കാണിച്ചിരുന്നേ
എത്ര നന്നായേനെ എന്ന് ചിന്ത തപസ്സിന്റെ എകാഗ്രത നഷ്ടപ്പെടുത്തികൊണ്ടിരുന്നു

അപ്പോ എല്ലാ ബൂലോകര്‍ക്കും HAPPY ONAM

8/12/10

റംസാൻ






ജീവിതം ഒരു യാത്രയാണ്
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍നിന്നിറങ്ങി
നിഷ്കളങ്കമാം ശൈശവത്തിലൂടെ
കുസൃതിയുടെ ബാല്യത്തില്‍നിന്നും
പൊട്ടിച്ചിരിയുടെ കൌമാരപ്പടവുകള്‍ കയറി
കാപട്യത്തിന്റെ യവ്വനം കടന്ന്
കുറ്റബോധത്താല്‍ പാശ്ചാതപിക്കുന്ന വാര്‍ദ്ധക്യത്തില്‍ നിന്നും
ഭൂമിയുടെ ഗര്‍ഭപാത്രത്തിലൂടെ ദൈവത്തിസന്നിധിയിലേക്കുള്ള ഒരു യാത്ര

എ പ്രീമെഡിറ്റേറ്റെഡ് ജേണി

യാത്രക്കവസാനം വിധിനിര്‍ണ്ണയിക്കുമ്പോള്‍
ലാഭം നേടുന്നവരുടെ കൂടെയുണ്ടാകാന്‍
ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യ റമദാന്‍ നമുക്കുപകരിക്കട്ടെ

എല്ലാ ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകള്‍
എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

7/20/10

നേട്ടങ്ങൾ

കൊയ്തെടുത്ത ലകളും

വെട്ടിയെടുത്ത കൈകളും

പൊട്ടിത്തെറിച്ച മേനികളും

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു സ്മാരകം

മതേതര ഭാരത സ്മാരകം

--------

പോരടിച്ചും ചതിച്ചും നിന്ദിച്ചും

ബന്ധങ്ങളെല്ലാം വിച്ഛേദിച്ചും

നേടിയെടുത്ത നാണയത്തുണ്ടുകള്‍

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു സദനം

പാഴായ എന്‍ജന്മത്തിന്‍ വൃദ്ദസദനം

---------------

പരീക്ഷിച്ചും നിരീക്ഷിച്ചും

പാതിരാവരെ ഉറക്കിളച്ചും

നേടിയെടുത്ത അറിവുകള്‍

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു ക്യാമറ

സംകാരഹീനമാം ഒളിക്യാമറ

6/1/10

ഒരുകൊല്ല്ലം

ഒരു സുന്ദരി വരുന്നുണ്ടല്ലൊ ,ഇങ്ങോട്ട്തന്നെ , ഹൊ ദൈവമേ ഈ ആരാധികമാരുടെ ശല്യം ……

നമസ്കാരം സർ.

എന്നോടാണോ?

അതെ സർ.

ആളുമാറിയിട്ടില്ലല്ലൊ?

ഇല്ല സർ.

അക്ഷരം …?

അയ്യേ.. ഇല്ല സർ

മനസ്സിലായില്ല

സർ ....ഞാൻ....ഒരു ....ഇന്റെർവ്യൂ.

ഹഹഹ ഈ സെലെബ്രേറ്റികളുടെ ഓരൊരൊ ബുദ്ധിമുട്ടുകളെ……സില്ലി ഗേൾ….

സാറിനെ പ്രേക്ഷകർക്ക് പരിചപ്പെടുത്തേണ്ട ആവശ്യമില്ല്യ എന്നാലും ഒരു ഫോർമാലിറ്റിക്ക് സാറിന്റെ പേരു……

ആക്കിയതാണല്ലെ?

സത്യമായിട്ടും അല്ല സർ.

ഹും …പോട്ടെ.. എന്താ ഇപ്പൊ വന്നതിന്റെ ഉദ്യേശം?

അത് സാറിന്റെ ബ്ലോഗിന് ഒരു വയസ്സായല്ലൊ

ങ്ഹേ…ന്റെ മോനൊ!!.അനാവശ്യം പറയരുത് ഞാനിപ്പോഴും കന്യകനാ

മോനല്ല സർ.....ബ്ലോഗ് ബ്ലോഗ്

ആ അത്, ചീളു കേസ് ആരു ശ്രദ്ധിക്കുന്നു അതൊക്കെ ഒരു റ്റൈം പാസ്സല്ലെ , ഒരുപാടെഴുതുന്നു ആരാധികമാർ വന്നു കമന്റുന്നു….അങ്ങനെ

വർഷം മുഴുവനും ഒരോ വളിപ്പ് പോസ്റ്റുമിട്ട് ഓരൊ മിനുട്ടിലും റീഫ്രെഷ ബട്ടണും അടിച്ച് കമന്റു വന്നോ എന്ന് നോക്കിയിരിക്കലായിരുന്നു പണി എന്നു കേട്ടു

എന്താ എന്താ…പറഞ്ഞേ കേട്ടില്ല

അല്ലാ‍ ഈ വളിപ്പ് പോസ്റ്റ് ….റീഫ്രെഷ് ബട്ടൻ…. കമന്റ്……

പോസ്റ്റ്,വിഷയം,അതൊക്കെ ആരു ശ്രദ്ധിക്കുന്നു. എന്റെ ആരാധികമാർക്ക് മുഴുവൻ സമയവും എന്നെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കണം അതിനാണല്ലോ ഞാൻ എന്റെ പ്രൊഫൈലിൽ കൂളിങ്ങ് ഗ്ലാസൊക്കെയിട്ട ഫോട്ടോസ് ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്

ഹും തന്നെ ആ തിരുമോന്ത കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല പിന്നെയാ...

എന്തെങ്കിലും പറഞ്ഞൊ…..

അല്ല സാറിന്റെ ഒരു ഗ്ലാമർ എന്നു പറഞ്ഞതാ..

ഹോ എന്തു ചെയ്യാം ദൈവം വാരിക്കോരി ഗ്ലാമർ തന്നു ഞാനിരുകയ്യും നീട്ടിവാങ്ങി.

ഈ ഒരു വർഷം ബ്ലോഗിയത്കൊണ്ട് മലയാളഭാഷക്ക് എന്തങ്കിലും മെച്ചം?

ഹും മൃതപ്രാണയായി കിടക്കുന്ന മലയാള ഭാഷയെ മൃതസഞ്ജീവിനി നൽകി മൃത്യുവിൽ നിന്ന് വിമുക്തമാക്കാൻ സാധിച്ചതിൽ കൃതാർഥനാണു ഞാൻ.(ഹാവൂ ഞനൊന്ന് ശ്വാസം വിടട്ടെ…ഹൂ‍ൂ‍ൂ‍ൂ‍ൂ.എന്തൊരു ആശ്വാസം )

തേങ്ങ്യേണ്….

എന്തോന്ന്

അല്ല എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞതാ

സത്യമായിട്ടും എനിക്കും ഒന്നും മനസ്സിലായില്ല

പോട്ടെ സാറിന് വിവരമില്ലാഞിട്ടല്ലേ...സാറിന് എത്ര ബ്ലോഗുഉണ്ട്?

മലയാളത്തിൽ ഒന്നേ ഒള്ളു. ചൈന സർക്കാർ പറയും പോലെ നാമൊന്ന് നമുക്കൊന്ന്

മലയാളത്തിൽ ഒന്നേ ഒള്ളു എന്നു പറയുമ്പോൾ മറ്റു ഭാഷകളിൽ ബ്ലോഗുന്നുണ്ടോ?

ഇങ്ഗ്ലീഷ് ,അറബി, ഫ്രാൻസി, ചൈനീസ്,ഹീബ്രു …………………അങ്ങനെ ഞാൻ കൈകാര്യം ചെയ്യുന്ന ഭാഷകളുൾ ലിസ്റ്റ് നീണ്ടു പോകുകയാണ് , എങ്കിലും മലയാളഭാഷയെ ഉത്തേജിപ്പിച്ച് ഒരു വഴിക്കാക്കാൻ മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മറ്റു ഭാഷകളിൽ ഇപ്പോൾ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുന്നില്ല

എന്നിട്ട് വളിപ്പുകളെല്ലാതെ ബ്ലൊഗിലൊന്നും കാണുന്നില്ലല്ലൊ

എന്ത്?

അല്ല അതു മലയാള ഭാഷയുടെ ഭാഗ്യം എന്ന് പറയുകയായിരുന്നു

അതെ മലയാള ഭാഷയുടെ മഹാഭാഗ്യം

താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാലും എല്ലാവരും താങ്കൾക്ക് കമന്റിടണമെന്ന വാശിയാണെന്ന് ആരോടൊ പറഞ്ഞതായി കേട്ടല്ലോ?

നിന്റെ കണ്ണുകൾ വളരെ സുന്ദരമാണ്.

അത് താൻ… അല്ല സാറ് നോക്കണ്ട അതിന് ആൺപിള്ളേർ വേറെയുണ്ട് ചോദിച്ചതിന് ഉത്തരം പഞ്ഞാമതി

എന്താ ചോദിച്ച്ത്

അല്ലാ …. താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാൽ എല്ലാവരും താങ്കൾക്ക് കമന്റിടണമെന്നും ആരോടൊ പറഞതായി കേട്ടല്ലോ?

അത് വേറുതെയാണു മോളൂസ്..... അങ്ങനെ വിളീക്കാലൊ അല്ലെ?..

എന്താന്ന് വെച്ചാ വിളിച്ചൊ പക്ഷെ കുറച്ച് നീങ്ങിയിരിക്ക്..കൂതറ....

അപ്പോ നിന്റെ ചോദ്യത്തിനുത്തരം അതൊക്കെ വെറുതേ പറയുകയാ പിന്നെ കമന്റ് ബാറ്റെർ സംബ്രദായമല്ല എന്നാണ് എന്റെ വിശ്വാസം .എന്റെ കഷ്ടകാലത്തിന് ഞാനൊന്നുരണ്ടാൾക്കാർക്ക് കമന്റിട്ടു. അവരാ കമന്റ് ഡിലേറ്റ് ചൈതു എന്നിട്ടെനിക്കൊരു മൈൽ അയച്ചു ഇനി മേലാൽ ഇങ്ങനെ സംകാരമില്ലാത്ത കൂതറ(ബ്ലൊഗർ കൂതറയെ ഉദ്ദ്യേശിച്ചല്ല) കമന്റുകളിട്ടാ കയ്യും കാലും അടിച്ച്ക് മുറിക്കും. അത് കേട്ടപ്പൊ ഞൻ ഡീസന്റായി നമുക്കുമില്ലെ അമ്മയും പെങ്ങന്മാരും

ബ്ലോഗിൽ യുക്തിവാദവും മതവും സമുദായവും എല്ലാം കൂടിതമ്മിൽ തല്ലി പോലീസും കേസും വക്കീലും കോടതിയും ഒക്കെ എത്തി നില്ല്ക്കുമ്പോൾ എന്ത് തോന്നുന്നു

ചർദ്ദിക്കാൻ തോന്നുന്നു ….ബുആ‍ാ.…….ത്ഫൂ‍ൂ‍ൂ‍ൂ…ബ്രാന്റ് മാറിയോ അതോ ഓവറായൊ അവോ ആ‍ർക്കറിയാം.ആ പട്ടാളം രഘുനാഥൻ കമന്റിടണം എന്നും പറഞ്ഞ് ഒരു പട്ടാളകുപ്പിതന്നതാ.ഇനി എന്നെ പറ്റിക്കാനായിട്ട് മിലിറ്ററികുപ്പിയില് വ്യാജൻ നിറച്ചതണാവോ....ഏതെന്നും എന്തെന്നും ആർക്കറിയാം.....

മറുപടീ കിട്ടിയില്ല.

ബ്ലോഗ്ഗർ നമുക്കിത്തിരി സ്ഥലം തന്നു അതിൽ അവനവന്റെ സംസ്കാരത്തിനും നിലവാരത്തിനും മനോസ്ഥിതിക്കുമനുസരിച്ച് എഴുതുന്നു താല്പര്യമുള്ളവർ വായിക്കുന്നു അഭിപ്രായം പറയുന്നു ആരും ആരെയും നിർബന്ധിക്കുന്നില്ല. നമ്മൾ സ്വതന്ത്രരാണല്ലോ(ചിലർ ഉറങ്ങുമ്പോൾ സ്വതന്ത്രരാകുന്നു ,മറ്റുചിലർ എപ്പോഴും സ്വതന്ത്രരാകുന്നു!!സ്വതന്ത്രരാകൻ സ്വാതന്ത്ര്യം ഉള്ളവരാണല്ലൊ നാം J) പക്ഷെ ആരെയും അധിഷേപിക്കാനോ കരിവാരിത്തേക്കുവനോ മെക്കട്ട് കയറാനൊ ഉള്ളസ്വാതന്ത്രം നമുക്കിതുവരെ കിട്ടിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം (ഇനി കിട്ടിയാൽ തന്നെ തിരിച്ച് നമുക്കിട്ട് പണിയാനുള്ള സ്വതന്ത്ര്യം അവർക്കുമുണ്ടായിരിക്കും ജാഗ്ര് തൈ) എല്ലാം നല്ലതായി ഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു (എവെടെ ആര് നന്നാകാൻ )

ഇനി എന്താ ഭാവി പരിപാടി

മോൾടെ കല്യാണം കഴിഞ്ഞതാണോ

എന്തിനാ

അല്ലാ‍... ഞാനൊരു ബാച്ചിലറാണല്ലോ അപ്പോ നമുക്ക് രണ്ടു പേർക്കും കൂടി ഭാവി പരിപാടി പ്ലാൻ ചൈയ്യാലോ എന്ന് വെച്ചാ

‘സാറെ എന്ന് വിളിച്ച് എന്നെക്കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് ….

അല്ലങ്കി വേണ്ട കല്യാണം കഴിച്ചാൽ പിന്നെ കായംകുളം സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ മനുവിന്റെ (ആരുണിന്റെയല്ലട്ടാ...)ഗതിയാകും ,എങ്ങാനും മിണ്ടിപ്പോയാ പെട്ട്,
“എന്തിനാ വെറുതെനെ ഒണങ്ങ്യ മടലുള്ള തെങ്ങിന്റെ ചോട്ടിലിരിക്കിണ്.... വൈല് കൊണ്ടാലും വേണ്ടീല തലക്ക് കേട്പാടുന്നും ഉണ്ടാകൂലല്ലാ..“


അല്ല സാർ ഞാൻ ഉദ്ദ്യേശിച്ചത് ബ്ലോഗിലെ ഭാവിപരിപാടികളാ....വഷളൻ.(ഇനി വഷളൻ എന്ന പേരിലും ഒരു ബ്ലൊഗറുണ്ടൊആവോ?...)

ഓ അങ്ങനെ .....തോന്നുമ്പലി

എന്ത്?

അല്ല .പണ്ടത്തെ പോലെ തന്നെ തോന്നിയപോലെ തോന്നിയ വിഷയം തോന്നുമ്പോൾ തോന്നിമാതിരി എഴുതും എന്നും കഴിയുന്നത്ര ബ്ലോഗ് വായിക്കും ,സമയം, സന്ദർഭം,ഒക്കെ അനുസരിച്ച് കമന്റിടും എന്തായാലും എഴുതാൻ വേണ്ടി എഴുതില്ല

ബ്ലോഗിൽ വന്നിട്ട് എന്തങ്കിലും മെച്ചം?

ഒരുപാടുണ്ട് ഏറ്റവും വലുത് ഒരു നല്ല സുഹൃത് വലയം പിന്നെ വായിക്കാൻ ഒരു പാട് നല്ലഎഴുത്തുകൾ
,പിന്നെ ഒരു പാട് നല്ല എഴുത്ത്കാർ അങ്ങനെ ഒരുപാടു

ഇഷ്ടപ്പെട്ട ബ്ലോഗുകൾ ?

ഇന്നു ഇവിടന്ന് പോകാൻ ഉദ്ദ്യേശമില്ല അല്ലെ?

അതെന്തെ?

അല്ല ഇന്ന് മുഴുവൻ ഇരുന്നു പറഞ്ഞാലും തീരില്ല

ഇത്രയധികമുണ്ടൊ?

പിന്നെ ഒരുപാടുണ്ട് പേരെടുത്ത് പറഞ്ഞാ ഇന്ന് തീരില്ല

ഇഷ്ട വിഷയം ?

മൂഡ്സിനനുസരിച്ച്

എന്ത്?

അല്ല നമ്മുടെ മനഃസ്ഥിതികൾക്കനുസരിച്ച് എന്ന് പറഞ്ഞതാ

അതു ശരി ഞാൻ തെറ്റിധരിച്ചു

നിന്റെ തെറ്റല്ല മോൾസ് നിന്റെ പ്രായമതല്ലേ....

അപ്പോ ശരി നേരം ഒരുപാടായി ഞാൻ പോട്ടേ

ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാൽ പോരെ

വേണ്ട സർ എനിക്ക് ഇനിയും മാന്യമായി ജീവിക്കണം

എന്നാ മോൾടെ മൊബൈൽ നമ്പറെങ്കിലും തന്നിട്ട് പോ….ശൊ പോകല്ലെ….. ഓടല്ലെ ഓടി…

…………………….ധിം……….ന്റെമ്മോ….
എന്നാടെ നീ കട്ടിലിൽ കിടന്ന് ഫൂട്ബാൾ കളിക്കുന്നുണ്ടോ?

ഞാനൊരു സ്വപ്നം കണ്ടതാ ഇച്ചായാ‍ാ

നീ ബ്രസീലിന്റെ ഗോളിയായതായിരിക്കും.

അല്ല ….അത്….. പിന്നെ …..അതെന്നെ വെർതെന്തിനാ

നീ സ്വപ്നവും കണ്ടേച്ച് കിടന്നോ , ഇന്ന് സൈറ്റിൽ ഇൻസ്പെക്ഷൻ ഉള്ളതാ ,നേരം വൈകിയാ വട്ടന്റെ (തലക്ക് പുറത്ത്)വായീ കെടക്ക്ണെ അറബിത്തെറി മുഴുവൻ കേക്കണ്ടിവരും

-------------------------------------------------------------------------------------------------------------------------------
**********************************************************************************************************
അപ്പൊ സുഹൃത്തുക്കളെ

ന്താച്ചാൽ ,ഞാൻ ഈ അക്രമം തൂടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു ഇത്രയും കാലം എന്റെ അക്രമം സഹിച്ചവർ, പ്രോത്സാഹിപ്പിച്ചവർ ,ഉപദേശിച്ചവർ, കമന്റിയവർ ,നേരിട്ട് വിളിച്ചവർ ,നേരിട്ട് കണ്ടവർ അങ്ങനെ ഒരോരുത്തരെയും പേരു പറഞ്ഞ് നന്ദി പറയാൻ തൂടങ്ങിയാൽ അതു മാത്രം ഒരു പൊസ്റ്റിടാനുണ്ടാകും അതിനാൽ എല്ലാവർക്കും ഒറ്റ വാക്കിൽ നന്ദി നന്ദി നമസ്കാരം
ഇനിയും ഇവെടൊക്കെത്തന്നെ കാണണം
----ജമാൽ

3/8/10

കറിവേപ്പില

എന്റെ പ്രിയ സുഹൃത്ത് അബു വായിച്ചറിയുവാൻ ജമാൽ എഴുത്ത്

എന്നെ നിനക്കോർമ്മയുണ്ടാകും എന്ന് കരുതുന്നു. നാലഞ്ചു കൊല്ലം ഒരു മുറിയിൽ ഒന്നിച്ച് കഴിഞ്ഞ എന്നെ നീ മറന്നിട്ടുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെപത്തൊൻപത് വർഷത്തെ പ്രവാസ ജീവിത സമ്പാദ്യമായ പ്രെഷെറും ഷുഗറും കൊളസ്ട്രോളും നടുവേദനയും എല്ലാം എന്നിൽ കുമിഞ്ഞു കൂടിയപ്പോൾ “ഒരുപാട് കാലമായില്ലെ ജമാലിക്ക ഇനിയും ഇങ്ങനെ കഷ്ടപ്പെടണോ നിർത്തി നാട്ടിൽ പോയി വിശ്രമിക്ക്” എന്ന് സ്നേഹത്തോടെ എന്നെ ഉപദേശിച്ച് നീ എന്നെ നാട്ടിലേക്ക് യാത്രയാക്കിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷം കഴിയുന്നു

നിനക്കവിടെ സുഖമാണോ എന്നു ചോദിക്കുന്നതിൽ അർഥമില്ലല്ലോ.കുടുമ്പത്തിന്റെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് സ്വന്തം വീടിനും നാടിനും വേണ്ടി നാടുവിട്ട് ക്ലോക്കിലെ തിരിയുന്ന സൂചിപോലെ ആവർത്തിച്ച് വരുന്ന ദിനരാത്രങ്ങൾതള്ളിനീക്കി മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ നാട്ടിലേക്ക് ലീവിന് പോകുന്ന ദിവസം കാത്തിരിക്കുന്ന ഒരു പ്രവാസിയോട് സുഖമല്ലെ എന്ന് ചോദിക്കുന്നതിലുള്ള അനൌചിത്യം എനിക്ക് മനസ്സിലാകും .ഇതൊക്കെ അറിഞ്ഞിട്ടും നിന്നെബുദ്ദിമുട്ടിക്കുന്നതിൽ വിഷമമുണ്ട്,പക്ഷെ എന്തു ചെയ്യാം ഞാനത്രക്കും നിസ്സഹായനാണിപ്പോൾ

ഞാനന്ന് നാട്ടിലേക്ക് പോന്നത് എന്റെ വിഢിത്തമായിപ്പോയി എന്ന ഒരു തോന്നൽ

എന്റെ ജീവിത്തിന്റെ സിംഹഭാകവും ചിലവഴിച്ച് ഞാൻ എനിക്കായിതീർത്ത കോൺക്രീറ്റ് വനത്തിൽ ഞാനേകനാണിപ്പോൾ. കറവ വറ്റി എന്ന് തിരിച്ചറിഞ്ഞപ്പോൾ അടുത്ത്കൂടിയ എല്ലാവരുമകന്നു . അവസാനമായി എനിക്ക് വന്ന കത്ത് ഞാൻ പൊട്ടിച്ച് വായിക്കതെയാണ് ഞാൻ അന്ന് അവിടം വിട്ടത് എന്ന് നീ ഓർക്കുന്നുണ്ടാവുമല്ലോ അതെന്റെ വലിയതെറ്റായിരുന്നു.അതിലെന്റെ പെങ്ങൾ അളിയനൊരു വിസക്കായി എഴുതിയിരുന്നു .

ആദ്യമായി ആങ്ങളയോടോരുകാര്യം പറഞ്ഞിട്ട് ചെയ്യാതെ സ്വന്തം “സുഖം” മാത്രം നോക്കിയ ‘സ്വാർഥനായ’ ആങ്ങളെയെ പെങ്ങൾ കയ്യൊഴിഞ്ഞു. അനുജന്റെ മകളുടെ കല്യാണത്തിന് അവൻ എഴുതിയ പോലെ രണ്ട് ലക്ഷം കൊടുക്കാതെ കംബനിയിൽ നിന്ന് പിരിഞ്ഞുപോരുമ്പോൾ കിട്ടിയ പൈസമുഴുവൻ ഹാർട്ട് വാൾവിലെ നാലഞ്ച് മേജെർബ്ലോക്ക് തീർക്കാൻ ആൻജിയോപ്ലാസ്റ്റി എന്നും പറഞ്ഞുഹോസ്പിറ്റലിൽ ചിലവാക്കിയ “ദൂർത്തനായ” ജ്യേഷ്ഠനോട് അനിയനും അകന്നു . മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി മകനോട് കടമതീർക്കാത്ത “ഉത്തരവാദിത്തമില്ലാത്തവനായ” ബാപ്പയെ ഭാര്യയും മകനും വെറുത്തു അവരും അകന്നു.ഒറ്റപ്പെടുത്തി .കൂട്ടുകുടുമ്പത്തിന്റെ മുന്പിൽ ഇത്രയെല്ലാം ചൈത ഒരപരാധിയായി.പിരിവിനായ് വന്നവർക്ക് അവരുദ്യേശിച്ചപോലെ കിട്ടാതെ വന്നപ്പൊൾ നാട്ടുകാർക്കും വേണ്ടാതെയായി. ഒരു കറിവേപ്പില കളയുന്ന ലാഘവത്തോടെ അവെരെന്നെ ഹൃദയത്തിൽ നിന്ന് പറിച്ച് മാറ്റി.

ഈ വെറുപ്പും അകൽചയും ഒറ്റപ്പെടുത്തലുകൾക്കിടയിൽ എന്റെ രോഗവും കൂടി എന്നെ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാമങ്ങവസ്സാനിപ്പിക്കാമെന്ന് കരുതി.ആത്മഹത്യ ദൈവേച്ചക്ക് നിരക്കാത്ത പാപമാണെന്ന് ചെറുപ്പത്തിൽ ഉസ്താദ് പഠിപ്പിച്ചതോർത്തപ്പോഴതിൽ നിന്നു പിന്മാറി പിന്നെ ഒരുപാടാലോചിച്ചപ്പോൾ എനിക്ക് തോന്നി ഇവിടെ ജീവിക്കുന്നതിലും നല്ലത് തിരിച്ച് അങ്ങോട്ട് തന്നെ വരലായിരിക്കുമെന്ന് അതിനാൽ നിനക്ക് ബുദ്ധിമുട്ടാവില്ലങ്കിൽ നീ നമ്മുടെ അറബാബിനെ കണ്ട് എന്റെ കാര്യം പറയണം,ഈ പ്രായത്തിൽ ഈ രോഗിയായ ഞാൻ ഇനി എന്തു ജോലിചെയ്യുമെന്നാകും ഇപ്പോൾ നീ ആലോചിക്കുന്നത് വല്ല സെക്യൂരിറ്റിആയൊ അതെല്ലാ വല്ലക്ലീനിങ്ങ് ലാബെർ ആയൊ ഞാനൊതുങ്ങിക്കൂടാം

മാസം മുന്നൂറു ദിറ്ഹംസ് എന്റെ മരുന്നിനു തികയില്ലെങ്കിലും ഈ ഒറ്റപ്പെടലിന്റെ വീർപ്പു മുട്ടലിൽ നിന്നും രക്ഷപ്പെട്ട് എനിക്ക് സ്വപ്നം കാണാമല്ലോ ,എന്റെ നാടിനെക്കുറിച്ച്,എന്റെ വീടിനെക്കുറിച്ച് ,ഞാൻ നട്ടു നനച്ച് വളർത്തിയ എന്റെകുടുമ്പത്തെക്കുറിച്ച് ……...

ഒരുപാട് പറഞ്ഞു .ഇതു വായിക്കാനും മറുപടിഎഴുതാനും ആകെ ഉറങ്ങാൻ കിട്ടുന്ന നാലഞ്ച് മണിക്കൂറ് നീ ചിലവാക്കേണ്ടിവരുമെന്നും അത് നിന്നെ ബുദ്ദിമുട്ടിക്കാലാണെന്നുമെനിക്കറിയാം എങ്കിലും മറുപടിപ്രതീക്ഷിക്കുന്നു .ഇതല്ലാതെ ഇനി ഒന്നും പ്രതീക്ഷയില്ലാത്തവന്റെ അവസാന പ്രതീക്ഷ
സ്വന്തംജമാൽ